അനധികൃത സ്വത്ത് സമ്പാദനം; ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു, ജേക്കബ് തോമസ് രണ്ടും കൽപ്പിച്ച്

ജേക്കബ് തോമസ് വല വിരിച്ചു കഴിഞ്ഞു! കരകയറാൻ ടോം ജോസ് കുറച്ച് വിയർക്കും!

കൊച്ചി| aparna shaji| Last Modified വ്യാഴം, 5 ജനുവരി 2017 (12:32 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലൻസ് ഓഫീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിയോടെയാണ് അദ്ദേഹം വിജിലൻസ് ഓഫീസിൽ ഹാജരായത്.

നേരത്തെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ടോംജോസിന്റെ ഫ്‌ളാറ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡുകളുടെ തുടര്‍നടപടിയാണ് ചോദ്യംചെയ്യല്‍. അനധികൃത സ്വത്ത് സമ്പാദനത്തിന് ടോം ജോസിനെതിരെ മുവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് കോടിയിലധികം രൂപയുടെ അധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹത്തിനെതിരായി അന്വേഷണം നടന്നുവരികയായിരുന്നു.

ഐ എ എസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്ന് വിജിലന്‍സിന്റെ എഫ് ഐ ആറില്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ആറുവർഷത്തെ സ്വത്ത് സമ്പാദനത്തെ കുറിച്ചാണ് വിജിലൻസ് അന്വേഷിക്കുന്നത്. അന്വേഷണം അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് ഇപ്പോള്‍ വിജിലന്‍സ് ടോം ജോസിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്.
മഹാരാഷ്ട്രയിലും കേരളത്തിലുമായി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :