സംസ്ഥാനത്തെ ഇരു മുന്നണികളും നാശത്തിലേക്ക് പോകുന്നു: വെള്ളാപ്പള്ളി

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (11:53 IST)
സംസ്ഥാനത്തെ ഇരു മുന്നണികളും നാശത്തിലേക്കാണ് പോകുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂഡൽഹിയിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിച്ച ശേഷം മടങ്ങിവരവെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എൻഡിപി യോഗം കേരളത്തിൽ അജയ്യ ശക്തിയായി മാറുകയാണ് സിപിഎമ്മിനെ പിന്നോട്ടടിക്കുന്നത് കണ്ണൂര്‍ ലോബിയാണ്. എസ്എന്‍ഡിപിയെ ഇരുമുന്നണികളും ഒരുമിച്ച് വേട്ടയാടുകയാണ്. വി.എസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം വിമാനത്താവളത്തില്‍ പറഞ്ഞു.

എസ്എൻഡിപി യോഗത്തിന് ആരോടും വിധേയത്വമില്ല, വിരോധവുമില്ല. എല്ലാവരുമായി സന്തോഷമേയുള്ളൂ. ആരുമായും ചേരുന്നതിനും വിയോജിപ്പില്ല.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ ആരെങ്കിലും എഴുതിക്കൊടുത്തതാണ് വായിക്കുന്നത്. ഗുരുവിനെ കുരിശിൽ കേറ്റിയവരാണ്
സിപി‌എമ്മുകാര്‍. അവരിപ്പോള്‍ ഗുരുവിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ‌‌‌‌ഗുരു സന്ദേശങ്ങൾ നാടൊട്ടുക്കു നടന്നു പറയുകയാണ്. ഒരു സ്ഥാപനത്തിനു പോലും ഗുരുവിന്റെ പേരിട്ടിട്ടില്ല. എന്നിട്ടാണ് ഗുരുവിന്റെ ശിഷ്യന്മാരാണെന്നു പറഞ്ഞ് അവർ നടക്കുന്നത്. ‌

ഗുരുവിനെ കുരിശിൽ തറച്ചതു സംബന്ധിച്ച് ഉത്തരവാദികളെ കണ്ടെത്തി തെറ്റുതിരുത്താൻ ശ്രമിക്കുന്നതിനു പകരം ആ തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു ന്യായം കണ്ടെത്തി സ്ഥാപിക്കാൻ ശ്രമിച്ചു. കേരള ജനത അതു വികാരമായി കണ്ടു. സിപിഎം ഒരിക്കലും തെറ്റ് അംഗീകരിക്കുന്നവരല്ല. കൊല്ലങ്ങൾ കഴിഞ്ഞാണ് അവർ തെറ്റ് അംഗീകരിക്കുന്നത്. അപ്പോഴേക്കും കാലം കഴിഞ്ഞുപോകും. സിപിഎം ഗുരുസന്ദേശം പ്രചരിപ്പിക്കാനുള്ള യോഗങ്ങൾ നടത്തുന്നത് ഗുരുദേവനെ കുരിശിൽ തറച്ചതിനുള്ള മാപ്പുപറച്ചിലായിട്ടാണ്.- വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിൽ ബിജെപി ശക്തമായി വളരുകയാണ്. കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ജനസ്വാധീനം നഷ്ടപ്പെട്ടും തുടങ്ങി. അതു കാണാനും മനസ്സിലാക്കാനം കഴിയണം. ബിജെപിയോട് അടുത്താൽ എസ്എൻഡിപി യോഗത്തിൽ പിളർപ്പുണ്ടാകുമെന്ന വാർത്തയെ അദ്ദേഹം തള്ളിക്കളഞ്ഞു. യോഗത്തെ തളർത്താനോ തകർക്കാനോ കഴിയില്ല. വിമർശിക്കാം. പക്ഷേ യോഗത്തിൽ പിളർപ്പുമുണ്ടാകില്ല.

എസ്എൻഡിപി വോട്ട് കൊടുത്തിട്ടാണോ ബിജെപി ഇന്ത്യ ഭരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മോഹഭംഗം വന്ന പലർക്കും പലതും പറയാനുണ്ടാകും. അതേസമയം, കൂടുതൽ രാഷ്ട്രീയകാര്യങ്ങള്‍ വെളിപ്പെടുത്താൻ വെള്ളാപ്പള്ളി വിസമ്മതിച്ചു. ന്യൂനപക്ഷ പ്രീണനം സിപിഎമ്മും കോൺഗ്രസും നടത്തി. പലതവണ ഭൂരിപക്ഷ സമുദായം ഇതു അവരെ ബോധ്യപ്പെടുത്തിയതാണ്. എന്നാൽ പരിഗണിച്ചില്ല, വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :