കള്ളുകച്ചവടക്കാരുടെ പണം വാങ്ങരുതെന്ന് ഗുരു പറഞ്ഞിട്ടില്ല: വെള്ളാപ്പള്ളി

ആലപ്പുഴ| VISHNU.NL| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (14:38 IST)
ശിവഗിരി തീര്‍ത്ഥാടനവേളയില്‍ ഉയര്‍ന്ന വിവാദത്തിന് മഠം അധികൃതര്‍ക്ക് മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ശിവഗിരി മഠത്തിന്റെ ചീത്തവിളിക്ക് പൊട്ടിച്ചിരിയാണ് മറുപടിയെന്ന് വെള്ളാപ്പള്ളി. മദ്യനയവുമായി ബന്ധപ്പെട്ട് ശിവഗിരി മഠവും വെള്ളാപ്പള്ളി പക്ഷവും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായ തര്‍ക്കത്തിലേക്ക് വഴിമാറിയതോടെയാണ് വെള്ളാപ്പള്ളി നേരിട്ട് മഠത്തിനെതിരായി രംഗത്തെത്തിയത്.

ഗുരുസമാധിയില്‍ എത്തുന്നവരില്‍ മദ്യച്ചവടക്കാരുമുണ്ടെന്നും കള്ളുകച്ചവടക്കാരുടെ പണം വാങ്ങരുതെന്ന് ഗുരു പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മദ്യക്കച്ചവടക്കാരന്റെ സമ്പത്ത് വേണ്ടെന്നും അത്തരക്കാര്‍ ശിവഗിരിയില്‍ വരരുതെന്നും ശ്രീ നാരായണ ഗുരു പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മഠത്തിലെ സ്വാമിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും അതിനാല്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരണീയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് എസ്എന്‍ഡിപിയുടെ നിലപാടെന്ന് സ്വാമി ഋതംബരാനന്ദ നേരത്തെ വിമര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഒന്നിച്ചു നിന്നതുകൊണ്ടു മാത്രം വോട്ട് കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനങ്ങള്‍ക്ക് നന്മയും നല്ല കാര്യങ്ങളും ചെയ്താലേ വോട്ട് കിട്ടൂ. ഘര്‍വാപസിയെ വിമര്‍ശിക്കുന്നവര്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :