‘മദ്യനിരോധനം ഗ്രൂപ്പ്‌ പോരില്‍ നിന്നും തലയൂരാന്‍; വൈനും നിരോധിക്കണം’

കൊല്ലം| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (11:05 IST)
സമ്പൂര്‍ണ മദ്യനിരോധനം സര്‍ക്കാര്‍ പെട്ടെന്ന്‌ കൊണ്ടുവരുന്നത്‌ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോരില്‍ നിന്നും തലയൂരാനാണെന്ന്‌ എസ്‌എന്‍ഡിപി നേതാവ്‌ വെള്ളാപ്പള്ളി നടേശന്‍. എല്ലാത്തരം സമൂഹത്തെയും പ്രീതിപ്പെടുത്തുന്ന തീരുമാനമാണെങ്കില്‍ മദ്യത്തിനൊപ്പം വൈനും നിരോധിക്കണം. പള്ളിമേടകളിലും ഇക്കാര്യം നടപ്പാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മദ്യനയത്തില്‍ ഗോളടിച്ചത്‌ ഉമ്മന്‍ചാണ്ടിയാണ്‌. കെപിസിസി പ്രസിഡന്റ് ഗോളടിക്കാന്‍ നോക്കിയിട്ട് കിട്ടിയത് തിരിച്ചടിയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മദ്യം നിരോധനം എല്ലാവരിലും ഒരുപോലെയാണ്‌ നടപ്പാക്കേണ്ടത്‌. ഫൈവ്‌ സ്‌റ്റാര്‍ ബാറുകള്‍ക്ക്‌ ഒരു രീതിയും മറ്റുള്ളവര്‍ക്ക്‌ വേറെ രീതിയുമെന്നത്‌ ഇരട്ടത്താപ്പാണ്‌ എന്നും അദ്ദേഹം വിമര്‍ശിച്ചു.

ഓരോ മന്ത്രിക്കും ഇക്കാര്യത്തില്‍ വ്യത്യസ്‌തമായ അഭിപ്രായമാണ്‌. ഇപ്പോള്‍ നടക്കുന്നത്‌ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള 312 വേണോ 418 വേണോ എന്ന തര്‍ക്കമാണ്‌.

ഇത്‌ പെട്ടെന്ന്‌ നടപ്പാക്കാനാകില്ല. സര്‍ക്കാരിന്റെ വരുമാനത്തില്‍ ഇപ്പോള്‍ 25 ശതമാനവും മദ്യത്തില്‍ നിന്നാണ്‌. തീരുമാനം കൊണ്ടുവരുമ്പോള്‍ ഈ 25 ശതമാനം വരുമാനം നഷ്‌ടപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :