'അരുവിപ്പുറം പ്രതിഷ്ഠ നടന്ന മണ്ണിൽ ചവിട്ടിനിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറയാൻ ചെന്നിത്തലയ്‌ക്ക് നാണമില്ലേ?’: ശബരിമല വിഷയത്തിൽ സർക്കാരിന് പൂർണ്ണ പിന്തുണ അറിയിച്ച് വി എസ്

'അരുവിപ്പുറം പ്രതിഷ്ഠ നടന്ന മണ്ണിൽ ചവിട്ടിനിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറയാൻ ചെന്നിത്തലയ്‌ക്ക് നാണമില്ലേ?’: ശബരിമല വിഷയത്തിൽ സർക്കാരിന് പൂർണ്ണ പിന്തുണ അറിയിച്ച് വി എസ്

Rijisha M.| Last Updated: ബുധന്‍, 24 ഒക്‌ടോബര്‍ 2018 (08:10 IST)
വിഷയത്തിൽ കോൺഗ്രസ്സും ബിജെപിയും പരസ്‌പരം കൈകോർത്ത് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിനെ തകർക്കാനെന്ന് ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പുന്നപ്ര- വയലാര്‍ രക്തസാക്ഷിത്വത്തിന്റെ 72മത് വാര്‍ഷിക വാരാചരണത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്ത്രീകള്‍ക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചത് ഉന്നത നീതിപീഠമാണ്. അല്ലാതെ, സംസ്ഥാന സര്‍ക്കാരല്ല. ആര്‍ക്കെതിരേയാണ് സമരമെന്ന് ബിജെപിക്കാര്‍ സമരത്തിന് കൊണ്ടുവരുന്ന പാവം സ്ത്രീകളോടെങ്കിലും പറയണം. ആദ്യം സുപ്രീംകോടതി വിധിയെ ഇരുകൂട്ടരും പിന്തുണച്ചു. പിന്നീട് ഒരു കലക്കു കലക്കിയാല്‍ 10 വോട്ടുപിടിക്കാം എന്ന വക്രബുദ്ധി വന്നതോടെ ബിജെപി മലക്കം മറിഞ്ഞു' വി എസ് പറഞ്ഞു.

'കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറി കഴിഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി എന്താണോ പറയുന്നത്, അത് ഏറ്റുപാടുകയെന്നതാണ് കോണ്‍ഗ്രസിന്റെ പണി. ചരിത്രത്തിലെ വലിയ ആചാര ലംഘനമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. അതു നടന്ന മണ്ണില്‍ ചവിട്ടിനിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറയാന്‍ രമേശ് ചെന്നിത്തലയ്ക്കു നാണമില്ലേ?’ – വി.എസ് ചോദിച്ചു.

സത്യാഗ്രഹസമയത്ത് ഗാന്ധിജിയെയും കൂട്ടരെയും അകത്തേക്ക് കയറ്റാതെ വേറെ ഇരിപ്പിടം ഉണ്ടാക്കിയവരാണ് തന്ത്രിമാര്‍. അവരുടെ പിന്മുറക്കാരാണ് ശബരിമലയില്‍ സ്ത്രീകളെ ആക്രമിക്കുന്നത്. സംഘപരിവാര്‍ സംഘടനകളും കേന്ദ്രസര്‍ക്കാരും വര്‍ഗീയ ചേരിതിരിവുണ്ടാക്കി സാമൂഹികജീവിതം കലാപകലുഷിതമാക്കുകയാണ്. അങ്ങിനെ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കി അധികാരം ഉറപ്പിക്കുകയാണ് അവരുടെ തന്ത്രം. പുന്നപ്ര-വയലാറിന്റെ കാലഘട്ടത്തിലെപ്പോലെയുള്ള ഇടപെടല്‍ നടത്തേണ്ട സാഹചര്യം ഇപ്പോഴുണ്ടെന്നും വി എസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :