ഉദയംപേരൂര്‍ ഐ ഒ സി പ്ളാന്റിലെ സമരം ഒത്തു തീര്‍ന്നു; ഗ്യാസ് വിതരണം താറുമാറായി

കൊച്ചി| VISHNU N L| Last Updated: തിങ്കള്‍, 20 ഏപ്രില്‍ 2015 (19:37 IST)
ഉദയംപേരൂര്‍ ഐ ഒ സി പ്ളാന്‍്റിലെ പാചക വാതക തൊഴിലാളികള്‍ നടത്തിവന്ന സമരം തീര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് അസി.ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ചൊവ്വാഴ്ച മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പതിനഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പാചക വാതക വിതരണം പൂർവ്വസ്ഥിതിയിലാവുമെന്നും അധികൃതർ പറഞ്ഞു.

ഉദയംപേരൂരിലെ അനിശ്ചിതകാല സമരം അഞ്ചാംദിവസത്തിലേക്ക് കടന്നതോടെ എട്ട് ജില്ലകളിൽ സിലിണ്ടർ ക്ഷാമം രൂക്ഷമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങിയത്. ഇന്നലെ നെട്ടൂരിൽ നടത്തിയ മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ടു. ജനുവരി 31ന് കാലാവധി തീർന്ന സേവനവേതന കരാർ പുതുക്കി നിശ്ചയിക്കുക, ഇടക്കാലാശ്വാസമായി 10000 രൂപ വീതം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ഐ.ഒ.സി.ഇ.യു സംഘടനകളുടെ ആഭിമുഖ്യത്തിൽ പണിമുടക്കിയത്.

മൂന്നുമാസത്തേക്ക് ഇടക്കാലാശ്വാസമായി 6000 രൂപ വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. 3500 രൂപ നൽകാമെന്ന് കരാറുകാരൻ അറിയിച്ചെങ്കിലും സമരക്കാർക്ക് സ്വീകാര്യമായില്ല. പിന്നീട് ഐ.ഒ.സി പ്ലാന്റ് മാനേജർ ഗിരീഷ്‌കുമാറും കരാറുകാരനുമായി ചർച്ച നടത്തിയതിനെ തുടർന്ന് 4000 രൂപ ഇടക്കാലാശ്വാസം നൽകാൻ കരാറുകാരൻ സമ്മതിച്ചു. ഇതിന് കരാർ വേണമെന്ന് നിർബന്ധം പിടിച്ചതോടെ ചർച്ച അലസിപ്പിരിഞ്ഞു. തുടർചർച്ചകൾ അസി. ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്നതോടെയാണ് സമരം ഒത്തുതീര്‍ന്നത്.

സമരം തുടര്‍ന്നതിനാല്‍ പുതിയ കരാറുകാരൻ ചുമതല ഏറ്റെടുത്തിട്ടില്ല. സമരം തീർന്ന് പുതിയ വർക് ഓഡർ നൽകി കാര്യങ്ങൾ പഴയപടിയാവാൻ പിന്നെയും ദിവസങ്ങളെടുക്കും. ഇവിടെ നിന്ന് ദിവസവും 50000 സിലിണ്ടറുകളാണ് പ്രതിദിനം പുറത്തേക്ക് പോയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :