വേർപാടിന്റെ മൂന്ന് വർഷം, കലാഭവൻ മണിയുടെ മരണം - സത്യമെന്ത്?

മരണം വരെ മലയാളികൾ മറക്കാത്ത പേര് - കലാഭവൻ മണി, വേർപാടിന്റെ മൂന്ന് വർഷം

Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (12:40 IST)
മരണം വരെ മലയാളികൾ ഒന്നടങ്കം മറക്കാത്ത മുഖമുണ്ടെങ്കിൽ അത് കലാഭവൻ മണിയുടേതായിരിക്കും. അത്രമേൽ ഓരോ മലയാളിയുടെയും മനസിൽ ഇടം പിടിച്ച കലാകാരൻ ഭൂമിയിൽ നിന്നും യാത്രയായിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. മണി മരിച്ച് മൂന്ന് വര്‍ഷം തികയുമ്പോള്‍ മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു.

2017 ൽ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ ഇതുവരെയും കിട്ടിയിട്ടില്ല. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസിൽ
അബോധാവസ്ഥയിൽ കണ്ടെത്തിയ കലാഭവൻ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് മണിയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉന്നയിച്ചത്. ആന്തരിക അവയവങ്ങളുടെ പരിശോധനയിൽ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്തെങ്കിലും നിർണായക വിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെയാണ് 2017 മെയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് സിബിഐ അന്വേഷണം തുടങ്ങിയത്.

സിനിമരംഗത്തുള്ള സുഹൃത്തുക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തു. തുടർന്ന് മരണത്തിന് തൊട്ടുമുൻപുള്ള സമയത്ത് മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫർ ഇടുക്കിയും സാബുമോനും അടക്കമുള്ള 7 സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു.

നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ഈ ഏഴുപേരും കോടതിയെയും സിബിഐയേയും അറിയിക്കുകയും ചെയ്തു. ഈ മാസം തന്നെ നുണപരിശോധന നടത്താനാണ് സിബിഐയുടെ തീരുമാനം. നുണപരിശോധന കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെങ്കിൽ സംസ്ഥാന പൊലീസിന്റെ കണ്ടെത്തലിന് സമാനമായി മണിയുടെ മരണം സ്വാഭാവികമെന്ന് എഴുതി അവസാനിപ്പിക്കാനാണ് സിബിഐയുടെ നീക്കം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :