എഫ് ഐ ആർ എസ്എഫ്ഐയ്ക്ക് അനുകൂലം, എല്ലാം ദുർബലമായ വകുപ്പുകൾ; പൊലീസ് തങ്ങളുടെ പരാതിയില്‍ കേസെടുക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍

സദാചാര ഗുണ്ടായിസം; പൊലീസ് എസ് എഫ് ഐയുടെ കൂടെയെന്ന് സൂര്യ ഗായത്രിയും അഷ്മിതയും

aparna shaji| Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (08:54 IST)
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട വിവാദം ഇനിയും അവസാനിക്കുന്നില്ല. തങ്ങള്‍ നല്‍കിയ മൊഴിയോ, പരാതി പ്രകാരമുളള വകുപ്പുകളോ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടില്ലെന്ന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥിനികൾ ആരോപിക്കുന്നു.

അഷ്മിതയും സൂര്യഗായത്രിയുമാണ് പൊലീസ് എസ് എഫ് ഐയെ സംരക്ഷിക്കുന്ന രീതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശാരീരികമായും മാനസികമായും തങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ മുന്‍പാകെ പ്രത്യേകമൊരു പരാതി നല്‍കിയിട്ടും പൊലീസ് ഇതില്‍ ഇടപെടുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

നിലവില്‍ ജിജീഷ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ പൊലീസിട്ട എഫ്‌ഐആറില്‍ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതുമാണ് അത്. കൂടാതെ തങ്ങള്‍ നല്‍കിയ മൊഴികള്‍ അതില്‍ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, ഒരേ പരാതിയില്‍ രണ്ടു കേസെടുക്കാന്‍ കഴിയില്ലെന്ന വിശദീകരണമാണ് ഇതിന് കന്റോണ്‍മെന്റ് പൊലീസ് നല്‍കുന്നത്. അങ്ങനെ ചെയ്താല്‍ ഇതിന് നിയമപരമായ സാധുത ഉണ്ടാകില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ജിജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും സൂര്യഗായത്രി, അഷ്മിത എന്നിവരുടെ മൊഴിയിലും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹി അടക്കം 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുളളതെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കോളെജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ഷബാന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആക്രമണത്തിന് ഇരയായ ജിജേഷിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് കുറ്റം. ജിജേഷ് തന്നെ കയ്യേറ്റം ചെയ്യുകയും അസഭ്യം വിളിച്ച് അപമാനിക്കുകയും ചെയ്തതായി ഷബാന മൊഴി നല്‍കി. സംഭവത്തിനു ദൃക്‌സാക്ഷിയായി ഇവര്‍ക്കൊപ്പം ഹാജരായ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി സൗമ്യയും ജിജേഷിനെതിരെ മൊഴി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :