ടൈറ്റാനിയം അഴിമതി കേസ്: ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ കാണും

ന്യൂഡല്‍ഹി| Last Modified ശനി, 30 ഓഗസ്റ്റ് 2014 (08:37 IST)
ടൈറ്റാനിയം അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും കാണും. മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാനുള്ള കോടതി ഉത്തരവ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടിന് തിരിച്ചടിയായ സാഹചര്യത്തില്‍ വലിയ ഗൗരവത്തോടെയാണ് പ്രശ്‌നം ഹൈക്കമാന്‍‌ഡ് പരിശോധിക്കുന്നത്. കേസിന്റെ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ അറിയിക്കും.

സുപ്രീംകോടതി ഉത്തരവ് മുന്‍നിര്‍ത്തി മോഡി സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആക്രമണം ആരംഭിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ നീക്കങ്ങള്‍ക്കാണ് കേരളത്തിലെ സാഹചര്യങ്ങള്‍ തിരിച്ചടിയായത്. അതുകൊണ്ട് തന്നെ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി കൂടിക്കാഴ്ച നിര്‍ണായകമാകും.

ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള തീരുമാനത്തെ അതീവ ഗൌരവത്തോടെയാണ് ഹൈക്കമാന്‍ഡ് സമീപിക്കുന്നത്. സാഹചര്യങ്ങള്‍ പഠിച്ച് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറി മുകുള്‍ വാസനിക്കിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയാഗാന്ധി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമെന്ന് പാര്‍ട്ടി വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

ഇന്ന് സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടൈറ്റാനിയം കേസിലെ കോടതി ഉത്തരവ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കും. ബാര്‍ വിഷയത്തിലുള്ള തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. അത് പരിഹരിക്കാനുള്ള ചര്‍ച്ചകളും ഉമ്മന്‍ചാണ്ടി കേന്ദ്ര നേതൃത്വവുമായി നടത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :