തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട്: ജില്ലയില്‍ നാളെ നിയന്ത്രണം

രേണുക വേണു| Last Modified ശനി, 7 മെയ് 2022 (16:13 IST)

തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് പ്രദേശത്തും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല.

ഉച്ചക്ക് 3 മണിമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമണിമുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങള്‍ക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.

അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാന്‍ സഹകരിക്കണം.

വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍ നിന്നും 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാല്‍ സ്വരാജ് റൗണ്ടില്‍, നെഹ്‌റുപാര്‍ക്കിനു മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷന്‍, ഇന്ത്യന്‍ കോഫി ഹൌസ് വരെയുള്ള ഭാഗങ്ങളില്‍ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്വരാജ് റൌണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ വരെ മാത്രമേ കാണികളെ അനുവദിക്കൂ.

സാംപിള്‍ വെടിക്കെട്ട് കാണുന്നതിനായി തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ കാണികള്‍ കയറുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെത്തന്നെ, നിര്‍മാണാവസ്ഥയിലുള്ളതും, ശരിയായി സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചതുമായ കെട്ടിടങ്ങളില്‍ കാണികള്‍ പ്രവേശിക്കരുത്.

വെടിക്കെട്ട് കാണുന്നതിനായി തൃശൂര്‍ നഗരത്തിലേക്ക് വരുന്ന ജനങ്ങള്‍, റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതെ സുരക്ഷിതമായി വാഹനം പാര്‍ക്കുചെയ്യാവുന്ന ഗ്രൗണ്ടുകളില്‍ പാര്‍ക്കുചെയ്യേണ്ടതാണ്. തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാര്‍ക്കിങ്ങ് ഗ്രൌണ്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പോലീസ് സേവനവും ലഭ്യമാണ്. പൊതുജനങ്ങള്‍ ഈ സേവനം പ്രയോജനപ്പെടുത്തണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :