ഒരു ഉളുപ്പുമില്ലാതെ കരിമ്പത്രികയാണ് നല്‍കിയിട്ടുള്ളതെന്ന് ബഡായി പറയാന്‍ കെ എം മാണിക്കേ കഴിയുകയുള്ളുവെന്ന് തോമസ് ഐസക്

മുൻ ധനകാര്യ മന്ത്രി കെ എം മാണിയ്ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 1 ജൂലൈ 2016 (11:58 IST)
മുൻ ധനകാര്യ മന്ത്രി കെ എം മാണിയ്ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി തോമസ് ഐസക്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ചെലവിന്റെ കാര്യത്തിൽ നിയന്ത്രണമുണ്ടായില്ലെന്നും നികുതി പിരിവിൽ ക്രമക്കേട് കാണിച്ചെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കെ എം മാണിയുടെ നാട്യങ്ങളെ പൊളിച്ചടുക്കുന്ന ചിത്രമാണ് ഇതോടൊപ്പമുള്ളത്. റവന്യുകമ്മിയിലും ധനകമ്മിയിലും 2001 നും 2016 നും ഇടയ്ക്ക് ഉണ്ടായ മാറ്റങ്ങള്‍ ഈ ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം. കഴിഞ്ഞ 5 വര്‍ഷം പോലെയാണ് കാര്യങ്ങള്‍ ഇനിയും മുന്നോട്ടു പോകുന്നതെങ്കില്‍ 2016 നും 2021 നും ഇടയ്ക്ക് എന്ത് സംഭവിക്കുമെന്നതിന്റെ ദീര്‍ഘദര്‍ശനവും ഈ ചിത്രത്തില്‍ നല്‍ കിയിട്ടുണ്ട്.

2001-05 കാലത്തെ യു ഡി എഫ് ഭരണം ആരംഭിക്കുമ്പോള്‍ റവന്യൂ കമ്മി 3.34 ശതമാനമായിരുന്നു. ഇത് 2.29 ശതമാനമായി കുറയ്ക്കുന്നതില്‍ അവര്‍ വിജയിച്ചു. അടുത്ത എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് (2006-11) ഈ പ്രവണത കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. റവന്യൂ കമ്മി 1.4 ശതമാനമായി കുറഞ്ഞു. ശരാശരി എടുത്താല്‍ 2001-05 കാലത്ത് 3.45 ശതമാനമായിരുന്ന റവന്യൂകമ്മി 2006-11 കാലത്ത് 1.86 ശതമാനമായി താഴ്ന്നു. ഒരേ പ്രവണതയാണ് രണ്ട് കാലഘട്ടങ്ങളിലും പ്രകടമാകുന്നതെങ്കിലും ലക്ഷ്യം കൈവരിക്കുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു.

യു ഡി എഫ് ഭരണകാലത്ത് ചെലവ് കര്‍ശനമായി ഞെരുക്കിക്കൊണ്ടാണ് കമ്മി കുറച്ചതെങ്കില്‍ എല്‍ ഡി എഫ് ഭരണകാലത്ത് വരുമാനം ഗണ്യമായി ഉയര്‍ത്തിക്കൊണ്ടാണ് കമ്മി കുറച്ചത്.
ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ചെലവ് ഞെരുക്കിയുമില്ല, വരുമാനം കൂട്ടിയതുമില്ല. ഇതുമൂലം സാമ്പത്തിക ദൃഡീകരണ പ്രവണത അപ്രത്യക്ഷമായി. 2015 ആയപ്പോഴേയ്ക്കും റവന്യൂകമ്മി 2.65 ശതമാനമായി ഉയര്‍ന്നു.

2011 ല്‍ 3673 കോടി രൂപയായിരുന്ന റവന്യൂകമ്മി 2015ല്‍ 13,795 കോടി രൂപയായി പെരുകി. 2016-17 ഇത് 8,199 കോടി രൂപ (1.4%) യായി കുറഞ്ഞൂവെന്നത് ശരിയാണ്. പക്ഷേ അനിവാര്യമായ ചെലവുകള്‍ പിറ്റേവര്‍ഷത്തേയ്ക്ക് വകമാറ്റിക്കൊണ്ടാണ് ഈ കുറവ് കൃത്രിമമായി നേടിയത്. 2001-2011 കാലയളവില്‍ സംസ്ഥാന ധനകാര്യത്തില്‍ പ്രകടമായ ധനദൃഡീകരണ പ്രവണത ഇക്കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ ഇല്ലാതായി.

അവസാനമായി കഴിഞ്ഞ 5 വര്‍ഷത്തെപ്പോലെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ എന്തായിരിക്കും വരും വര്‍ഷങ്ങളിലെ സ്ഥിതിയെന്നത് ദീര്‍ഘദര്‍ശനം ചെയ്യുന്നതിനും ധവളപത്രം ശ്രമിച്ചിട്ടുണ്ട്. ധനഉത്തരവാദിത്വ നിയമപ്രകാരം അടുത്ത വര്‍ഷം റവന്യൂകമ്മി പൂജ്യം ആക്കേണ്ടതാണ്. നേര്‍വിപരീതമാണ് സംഭവിക്കുക. ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും റവന്യൂകമ്മി തുടര്‍ച്ചയായി വര്‍ദ്ധിച്ച് 2021ല്‍ 3.5 ശതമാനത്തിന് മുകളിലാകും.

എന്നാല്‍ 3 ശതമാനമേ ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് വായ്പ എടുക്കുവാന്‍ അവകാശമുള്ളൂ. വായ്പാ പണം പൂര്‍ണ്ണമായി വിനിയോഗിച്ചാലും ദൈനംദിന ചെലവിന് പണമുണ്ടാവില്ല എന്നതായിരിക്കും നടപ്പുവര്‍ഷം മുതലുള്ള സ്ഥിതി. അഥവാ പരിപൂര്‍ണ്ണമായ ട്രഷറി സ്തംഭനമാണ് യു ഡി എഫ് ഭരണത്തിന്റെ നീക്കിബാക്കിയായി പുതിയ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.

എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ കരിമ്പത്രികയാണ് നല്‍കിയിട്ടുള്ളതെന്ന് ബഡായി പറയാന്‍ കെ എം മാണിക്കേ കഴിയൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :