സ്വകാര്യ മരുന്നു കമ്പനിയില്‍ നിന്നും കൈപ്പറ്റിയത് പതിനഞ്ചു കോടി , ആശുപത്രി സ്വന്തമാക്കിയത് 164 കോടി രൂപയ്ക്ക് : ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിനെതിരെ ബിജു രമേശ്

ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ് രംഗത്ത്

തിരുവനന്തപുരം, വി എസ് ശിവകുമാര്‍, ബിജു രമേശ് thiruvananthapuram, VS sivakumar, biju ramesh
തിരുവനന്തപുരം| സജിത്ത്| Last Updated: വ്യാഴം, 5 മെയ് 2016 (14:48 IST)
ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ് രംഗത്ത്. വി എസ് ശിവകുമാര്‍ സ്വകാര്യ മരുന്നു കമ്പനിയില്‍ നിന്നും പതിനഞ്ചു കോടിരൂപ കൈപ്പറ്റിയിരുന്നു. കമ്മീഷന്‍ വ്യവസ്ഥയില്‍ കൈപ്പറ്റിയ ഈ തുക തിരിച്ചുനല്‍കാത്തതിനാലാണ് ശിവകുമാറിന്‍റെ മകളെ മരുന്ന് കമ്പനിയുടെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയതെന്നും ബിജു രമേശ് പറഞ്ഞു.

കമ്മീഷന്‍ വ്യവസ്ഥയില്‍ കോടികള്‍ വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഈ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനായില്ല. ഇതോടെ കമ്മീഷനായി നല്‍കിയ പണം കമ്പനികള്‍ തിരികെ ചോദിച്ചു. എന്നാല്‍ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ ഡല്‍ഹിയില്‍ പഠിക്കുന്ന മകളെ മരുന്ന് കമ്പനിക്കാര്‍ തട്ടിക്കൊണ്ട് പോയെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.

കൂടാതെ, തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലുള്ള സ്വകാര്യ ആശുപത്രി 164 കോടി രൂപയ്ക്കാണ് മന്ത്രി ശിവകുമാര്‍ ബിനാമി പേരില്‍ വാങ്ങിയതെന്നും ബിജു രമേശ് ആരോപിച്ചു. ഭാര്യ സഹോദരന്‍റെ പേരിലാണ് ആശുപത്രി വാങ്ങിയിട്ടുള്ളത്. മന്ത്രിയുടെ കള്ളപ്പണ ഇടപാടുകള്‍ക്കു വേണ്ടിയാണ് ഭാര്യ സഹോദരനെ ദുബായിലേക്ക് അയച്ചിരിക്കുന്നതെന്നും ബിജു രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ബിജു രമേശ് ഈ ആരോപണം ഉന്നയിച്ചത്. അഴിമതിക്കാരായ കെ ബാബു, കെ എം മാണി എന്നിവര്‍ക്കെതിരെ അവരുടെ മണ്ഡലങ്ങളിലെത്തി പ്രചാരണം നടത്തുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എ ഐ എ ഡി എം കെ സ്ഥനാര്‍ത്ഥികൂടിയായ ബിജു രമേശ് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :