തേനിയിലെ കണികാ പരീക്ഷണം; ആശങ്കകളും യാഥാര്‍ത്ഥ്യങ്ങളും

vishnu| Last Updated: ചൊവ്വ, 26 നവം‌ബര്‍ 2019 (12:23 IST)
തമിഴ്നാട് കേരള അതിര്‍ത്തിയില്‍ പശ്ചിമ ഘട്ടമലനിരകള്‍ക്കിടയില്‍ തേനിയില്‍ ലോകം മുഴുവന്‍ ആകാക്ഷയൊടെ വീക്ഷിക്കുന്ന ഒരു പരീക്ഷണാലയം ഒരുങ്ങുകയാണ്. പ്രപഞ്ചോത്പത്തിയിലേക്ക് വെളിച്ചം വീശാന്‍ പോകുന്ന കണികാ പരീക്ഷണത്തിനുള്ള കേന്ദ്രമാണ് ഇവിടെ ഭൂമിക്കടിയില്‍ സ്ഥാപിക്കാന്‍ പോകുന്നത്. ഈ പരീക്ഷണ ശാലയില്‍ നടക്കുന്ന കണികാ പരീക്ഷണം വിജയിച്ചാല്‍ ശാസ്ത്ര ഗവേഷണ രംഗത്ത് ഇന്ത്യയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍‌തൂവല്‍ കൂടി സ്ഥാപിതമാകും. എന്താണ് കണികാ പരീക്ഷണം, ഇതിന്റെ ദൂഷ്യങ്ങള്‍ എന്തൊക്കെ, ഇതിന്റെ ആവശ്യകതയെന്ത്? തുടങ്ങിയ കാര്യങ്ങളില്‍ ധാരാളം സംശയങ്ങളും ആശങ്കകളും നിറന്ഞ്ഞിരിക്കുകയാണ്. അതിലേക്കുള്ള വിശദീകരണമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

കണികാ പരീക്ഷണമെന്നാല്‍ പരീക്ഷണശാലയിലേക്ക് പ്രകാശത്തിന് സമാനമായ വേഗതയില്‍ സഞ്ചരിക്കുന്ന പ്രോട്ടോണുകളെ വിപരീത ദിശയില്‍ കടത്തി വിട്ട് അവയെ കൂട്ടിയിടിപ്പിക്കുകയാണ് ചെയ്യുന്നത്. അതിശക്തമായ ഊര്‍ജത്തില്‍ ഇവ കൂട്ടിയിടിക്കുന്നതിന്റെ ഫലമായി പ്രപഞ്ചോത്പത്തിയിലെ അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു. ആ അവസ്ഥയില്‍ ഉണ്ടാകുന്ന കണങ്ങളെ നിരീക്ഷിക്കുന്നത് വഴി പ്രപഞ്ച നിര്‍മ്മിതിയുടെ രഹസ്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് ചാര്‍ജില്ലാത്ത കണങ്ങളായ ന്യൂട്രിനോകളാണ്.

എന്നാല്‍ കണികാ പരീക്ഷണം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മിക്കവരുടെയും മനസിലേക്ക് ഓടിയെത്തുക 2012ല്‍ സേണിന്റെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍പരീക്ഷണമാണ്. സത്യത്തില്‍ ഇത് ആയിരുന്നില്ല ലോകത്തിലെ ആദ്യ കണികാ പരീക്ഷണം. നിങ്ങള്‍ക്കറിയാമോ കണികാ പരീക്ഷനത്തിന്റെ ശരിക്കുള്ള പൈതൃകം ഇന്ത്യക്കവകാശപ്പെട്ടതാണ്. കാരണം ലോകത്തില്‍ ആദ്യമായി കണികാ പരീക്ഷണം നടത്തിയ രാജ്യമാണ് ഇന്ത്യ. 1960 കളില്‍ കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന കോലാര്‍ സ്വര്‍ണഖനിക്കുള്ളില്‍ സ്ഥാപിച്ച നിരീക്ഷണാലയം വഴി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ന്യൂട്രിനോകളെ കുറിച്ച് ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. 2000ല്‍ ഖനി അടച്ച് പൂട്ടിയതോടെ തുടര്‍ന്നുള്ള പരീക്ഷണങ്ങളും നിലച്ചു.

അതിനു ശേഷം നടക്കുന്ന നിര്‍ണായകമായ പരീക്ഷണമാണ് തേനിയില്‍ സ്ഥാപിക്കുന്ന പരീക്ഷണ ശാലയില്‍ നടക്കാന്‍ പോകുന്നത്. ഇന്ത്യയിലെ പരീക്ഷണത്തിനിടയില്‍ തന്നെ 1977ല്‍ റഷ്യയിലെ ബക്സാന്‍ നദിക്കടുത്താണ് ന്യൂട്രിനോ പരീക്ഷണങ്ങള്‍ നടന്നിരുന്നു. ദശാബ്ദങ്ങളായി പല രാജ്യങ്ങളിലും എന്തിന് അന്റാര്‍ട്ടിക്കയില്‍ പോലും കണികാ പരീക്ഷണങ്ങള്‍ നടന്നുണ്ട് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാല്‍ 2012ല്‍ സേണിന്റെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന കണികാ പരീക്ഷണ ശാല ഹിഗ്സ് ബോസോണ്‍ കണങ്ങളെ കണ്ടെത്തിയതിന് ശേഷമാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ പൊതുജന ശ്രദ്ധയാകര്‍ഷിക്കുന്നത് എന്ന് മാത്രം.

കണികാ പരീക്ഷണത്തിന് ഉപയോഗിക്കുന്നത് ന്യൂട്രിനോകള്‍ ആണെന്ന് നേരത്തെ പറഞ്ഞുവല്ലൊ. ന്യൂട്രിനോ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം ചാര്‍ജില്ലാത്ത ചെറിയ കണങ്ങള്‍ എന്നാണ്. സൂര്യനില്‍ നിന്നും പ്രപഞ്ചത്തിലെ മറ്റ് വസ്തുക്കളില്‍ നിന്നും ന്യൂട്രിനോകള്‍ നിരന്തരം ഭൂമിയില്‍ എത്തുന്നുണ്ട്. ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ കാര്യമായ നാശമില്ലാത്തതുകൊണ്ട് പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള കണങ്ങളിലൊന്ന് ന്യൂട്രിനോകളാണ്. അതിനാല്‍ പ്രപഞ്ചത്തില്‍ ഇന്ന്
കാണപ്പെടുന്ന ന്യൂട്രിനോകളില്‍ ഭൂരിഭാഗവും പ്രപഞ്ചത്തോളം പഴക്കമുള്ളവയാണ്. അതിനാലാണ് ന്യൂട്രിനോകളെ ഉപയോഗിച്ച പരീക്ഷണം നടത്തുന്നത്.

ഓരോ നിമിഷത്തിലും നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളില്‍ കൂടി ധാരാളം ന്യൂട്രിനോകള്‍ കടന്നുപോകുന്നുണ്ട് എന്ന് നിങ്ങള്‍ ഓരോരുത്തരും മനസിലാക്കണം. ഇവ നിരുപദ്രവകാരികളാ‍ണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് നിങ്ങള്‍ തന്നെയാണ്. കാരണം നിങ്ങള്‍ ജനിച്ചതിനു ശേഷം ഇത്രയധിക കാലം നിങ്ങളുടെ ശരീരത്തില്‍ കൂടി ദശകോടിക്കണക്കിന് ന്യൂട്രിനോകണങ്ങള്‍ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും കടന്നുപോകുന്നു. എന്നിട്ടും നിങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. ഇതിലും വലിയ തെളിവ് വേറെന്തുവേണം? തേനിയില്‍ കണികാപരീക്ഷണശാല വരുന്നതുകൊണ്ട് പ്രദേശവാസികള്‍ ഉന്നതമായ റേഡിയേഷനു വിധേയരാവുമെന്നും മാരകമായ കാന്‍സര്‍ പിടിപെടുമെന്നുമുള്ള വാദങ്ങള്‍ തികച്ചും അസ്ഥാനത്താണ്. ഇവ വിനാശകാരികളായിരുന്നെങ്കില്‍ ഇന്ന് ഭൂമിയില്‍ ജീവന്റെ കണിക പോലും ബാക്കിയുണ്ടാകുമായിരുന്നില്ല.

തമിഴ്നാട്ടിലെ തേനിയില്‍ കേരളവുമായി അതിര്‍ത്തിപങ്കിടുന്ന പോട്ടിപ്പുറം ഗ്രാമത്തിലാണ് ഇന്ത്യന്‍ ന്യൂട്രിനോ ഒബ്സര്‍വേറ്ററി സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിനായി ആദ്യം കണ്ടെത്തിയ സ്ഥലം നീലഗിരിയിലെ സിങ്കാര കുന്നുകളായിരുന്നു.എന്നാല്‍ അത് മുതുമല കടുവാ സങ്കേതത്തില്‍പ്പെട്ട സ്ഥലമായതുകൊണ്ട് ഒച്ചപ്പാടുണ്ടായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയില്ല. പിന്നീട് നിര്‍ദേശിക്കപ്പെട്ട സുറുളിയ മേഖലയ്ക്കും ഇതേ അനുഭവമുണ്ടായി. ഒടുവില്‍ കണ്ടെത്തിയ ഏറ്റവും കുറഞ്ഞ പരിസ്ഥിതി ആഘാതമുള്ളപ്രദേശമാണ് തേനി.

തേനിയിലെ സംരക്ഷിത വന മേഖലയായ ബോഡി വെസ്റ്റ് മലനിരകള്‍ക്കടിയിന്‍ 1,300 മീറ്റര്‍ ആഴത്തിലാണ് നിരീക്ഷണാലയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 1500 കോടി രൂപയാണ് ന്യൂട്രിനോ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. പ്രൊഫസര്‍ നഭ കെ മൊന്‍ഡല്‍ ആണ് പദ്ധതിയുടെ ഡയറക്ടര്‍. കേന്ദ്ര ആണവോര്‍ജ വകുപ്പും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ ഫെര്‍മിലാബിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശാസ്ത്രലോകത്തിന് ഇനിയും പൂര്‍ണമായും പിടിതരാത്ത ന്യൂട്രിനോകളെക്കുറിച്ചും തമോദ്രവ്യങ്ങളെക്കുറിച്ചും കൂടുതല്‍ വിശദമായി മനസിലാക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

എങ്കിലും പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ കഴമ്പില്ലാതില്ല. കാരണം പരീക്ഷണശാല നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം
പശ്ചിമഘട്ടത്തിലെ സംരക്ഷിത വനമേഖലയാണ്. ഇവിടെ പരീക്ഷണ ശാല നിര്‍മ്മിക്കണമെങ്കില്‍ എട്ടുലക്ഷം ടണ്‍ പാറയാണ് ജലാറ്റിന്‍ ഉപയോഗിച്ച് പൊടിച്ചുനീക്കേണ്ടത്. ശ്രദ്ധാപൂര്‍വമല്ല നിരീക്ഷണാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കില്‍ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം തന്നെയാകും നമുക്ക് നഷ്ടമാകുക. അത് മാത്രമല്ല തേനി ജില്ലക്കടുത്തുള്ള പ്രദേശങ്ങള്‍ ഭൂകമ്പ സാധ്യതയുള്ള മേഖലയായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഈ മേഖലകളില്‍ ഭൂഗര്‍ഭ തുരങ്കം നിര്‍മ്മിക്കുന്നതും അതിനായി എട്ട്‌ ലക്ഷം ചതുരശ്ര അടിയോളം പാറ പൊട്ടിക്കുന്നതും പരിസ്ഥിതിയെ ഏത് തരത്തിലാണ് ബാധിക്കുന്നതെന്നത് പ്രവചനാതീതമാണ്. അതോടൊപ്പം ഇവയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ അടക്കമുള്ള അണക്കെട്ടുകള്‍ അപകടത്തിലാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :