തലസ്ഥാനത്ത് 100 ഓളം മോഷണം: പ്രതി അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ഞായര്‍, 5 ജൂലൈ 2015 (15:11 IST)
തലസ്ഥാന നഗരിയിലെ വിവിധ ഭാഗങ്ങളിലായി നൂറോളം മോഷണങ്ങള്‍ നടത്തിയ പ്രതിയെ പൊലീസ് മധുരയില്‍ നിന്ന് അറസ്റ്റ് ചെയ്തു. പട്ടം മുറിഞ്ഞപാലം പുതുവല്‍ പുത്തന്‍ വീട്ടില്‍ ബാഹുലേയന്‍ അഥവാ ബാബു എന്ന 48 കാരനെ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്.


ഇയാളുടെ അറസ്റ്റോടെ സിറ്റിയില്‍ മാത്രം 20 ഓളം കേസുകള്‍ തെളിയിക്കാനായി. കവര്‍ച്ച ചെയ്ത ലക്ഷക്കണക്കിനു രൂപയുടെ ഇലക്‍ട്റോണിക്സ് സാധനങ്ങളും നൂറു പവനോളം സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു.

തിരുവനന്തപുരത്ത് കവര്‍ച്ച നടത്തി മധുരയ്ക്ക് മുങ്ങുന്നതാണ് ഇയാളുടെ രീതി എന്ന് സിറ്റി കമ്മീഷണര്‍ എച്ച്.വെങ്കിടേശ് അറിയിച്ചു. ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. പകല്‍ മോഷണത്തിനു പറ്റിയ വീടുകള്‍ കണ്ടുവച്ച ശേഷം രാത്രിയില്‍ ജനല്‍ കമ്പികള്‍ വളച്ച് വീടിനുള്ളില്‍ കയറി മോഷ്ടിക്കുകയാണ് ഇയാളുടെ രീതി.

കഴിഞ്ഞ ജൂണ്‍ 14 ന് പെരുന്താന്നി ചെമ്പകശേരിയില്‍ ശ്രീകാന്തിന്‍റെ വീട്ടില്‍ നിന്ന് 28 പവനും മറ്റു സാധനങ്ങളും കവര്‍ച്ച ചെയ്തത് ഇയാളാണ്. ഇയാളുടെ ഒരു സഹായിയെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :