നികുതി വെട്ടിപ്പ്: വ്യപാരകേന്ദ്രത്തില്‍ റെയ്ഡ്

പോത്തന്‍കോട്| JJ| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (16:11 IST)
കഴക്കൂട്ടത്ത് മഹാദ്ഭുതം 199 രൂപ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരകേന്ദ്രത്തില്‍ വിജിലന്‍സ് റെയ്ഡ്. ഒരു മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തില്‍ രണ്ടാം തവണയാണ് വാണിജ്യ വില്‍പ്പന നികുതി വിജിലന്‍സ് വിഭാഗം റെയ്ഡ് നടത്തിയത്. നികുതി വെട്ടിച്ചുകടത്തിയ സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്ന രീതിയാണ് ഇവിടെ നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി നികുതി വെട്ടിച്ച് ഇവരുടെ മറ്റു ശാഖകളിലേക്ക് മാറ്റികൊണ്ടുപോയി വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി. രണ്ടാഴ്ച മുമ്പ് ഇവരില്‍ നിന്ന് 62,000 രൂപ പിഴ ഈടാക്കിയിരുന്നു. നികുതി നല്‍കാതെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച നാലു ലക്ഷം രൂപയുടെ സാധനങ്ങളാണ് അന്ന് പിടി കൂടിയത്.

ഇത്തവണ അഞ്ചുലക്ഷം രൂപയുടെ നികുതി നല്‍കാത്ത സാധനങ്ങള്‍ ഉണ്ടായിരുന്നു. 50,000 രൂപ പിഴ ഈടാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കുന്ന ലോബി ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഒരു ദിവസത്തെ വിറ്റുവരവ് രണ്ടു ലക്ഷം രൂപയില്‍ കൂടുതലാണ്. ഉപഭോക്താവിന് ബില്ലു നല്‍കാറില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :