മുത്തലാഖിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ദിഖിന്റെ മുന്‍ഭാര്യ; വര്‍ഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഫോണ്‍കോളിലൂടെ മൊഴി ചൊല്ലുന്നത് കാടത്തമാണെന്നും നസീമ

മുത്തലാഖിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ദിഖിന്റെ മുന്‍ഭാര്യ

കോഴിക്കോട്​| Last Updated: തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (15:03 IST)
മുത്തലാഖിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ദിഖിന്റെ മുന്‍ഭാര്യ നസീമ ജമാലുദ്ദീന്‍. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് നസീമ നിലപാട് വ്യക്തമാക്കിയത്.

തീര്‍ത്തും ഇസ്‌ലാംവിരുദ്ധവും സ്ത്രീകളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ആചാരങ്ങൾക്കെതിരെ പണ്ഡിതസമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും നസീമ ഫേസ്‌ബുക്കില്‍ കുറിക്കുന്നു.

ദാമ്പത്യം ഏതു തരത്തിലും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്തൊരു സാഹചര്യത്തില്‍ അത്രമേല്‍ വെറുപ്പോടെ ദൈവം അനുവദിച്ചൊരു കാര്യമാണ് വിവാഹമോചനമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. വർഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഒരു ഫോണ്‍കോളിലൂടെയോ അല്ലെങ്കിൽ ഒരു പേപ്പർ തുണ്ടിലൂടെയോ മൊഴി ചൊല്ലുന്നതിനെ മുത്തലാഖ്​ എന്ന ഓമനപ്പേരിലൂടെ ആധികാരികതയുണ്ടാക്കാൻ ശ്രമിക്കുന്നിടത്താണ് ഒരു കാടൻ നിയമം നടപ്പിലാക്കപ്പെടുന്നത്.

തനിക്കുണ്ടായിരുന്ന വിദ്യഭ്യാസവും പ്രതികരണശേഷിയും തച്ചുടക്കാൻ ശേഷിയുള്ളതായിരുന്നു ഈ അലിഖിത നിയമം. വളച്ചൊടിക്കപ്പെടുന്ന ഓരോ നിയമവും നഷ്‌ടപ്പെടുത്തുന്നത് നിഷ്കളങ്കരായ ഒരുപാട് പേരുടെ ജീവിതമാണ്. ഇക്കഴിഞ്ഞൊരു പെരുന്നാളിൽ പുത്തനുടുപ്പിട്ട് സ്വന്തം പിതാവിന്റെ ഇടവും വലവും നിന്ന് ആഘോഷിക്കേണ്ട എന്റെ മക്കൾ പകരം മറ്റാരുടെയോ മക്കളുടെ കൂടെയുള്ളൊരു പിതാവിന്റെ ചിത്രം കണ്ട് കരഞ്ഞതും പെരുന്നാൾ ആഘോഷിക്കാതിരുന്നതുമടക്കം ഒട്ടനവധി വേദനകൾ സമ്മാനിച്ചതും ഇതേ മുത്തലാഖാണെന്നും നസീമ കുറിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :