തൂങ്ങിച്ചാകാന്‍ പോസ്റ്റില്‍ കയറിയവന്‍ ഷോക്കേറ്റ് മരിച്ചു

മാനന്തവാടി| VISHNU.NL| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (14:34 IST)
ചെയ്യാന്‍ തുനിഞ്ഞിറങ്ങിയാല്‍ ആരും അത് ചെയ്തിരിക്കും. എന്നാല്‍ മാനന്തവാടിയില്‍ മദ്യപിച്ച് തൂങ്ങി മരിക്കാനായി വൈദ്യുത പൊസ്റ്റില്‍ കയറിയ ആള്‍ക്ക് വൈദ്യുതി തന്നെ മരണം കനിഞ്ഞു നല്‍കി. തോല്‌പെട്ടി വെള്ളറ കോളനിയിലെ രവി(35) എന്ന യുവാവാണ് വൈദ്യുത പോസ്റ്റില്‍ കയറി തൂങ്ങി മരിക്കാന്‍ ശ്രമിക്കവെ ഷോക്കേറ്റ് മരിച്ചത്.

സ്ഥിരം മദ്യപാനിയായ രവി വീട്ടില്‍ എന്നും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിനേ തുടര്‍ന്ന് ഇയാളുടെ ഭാര്യ കോളനി സമീപത്തുള്ള അവരുടെ അമ്മയുടെ വീട്ടിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ രവി വീട്ടില്‍ തൂങ്ങി മരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ബന്ധുക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു.

എന്നാല്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ ഇയാള്‍ തൂങ്ങിമരിക്കാന്‍ വീണ്ടും തീരുമാനിക്കുകയായിരുന്നു. തൂങ്ങി മരിക്കുവാന്‍ സമീപത്തെ വൈദ്യുതിത്തൂണില്‍ കയറിയ രവിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.ഷോക്കേറ്റ് രവിയുടെ മൃതദേഹം പോസ്റ്റില്‍ കുടുങ്ങുകയും ചെയ്തു.അവസാനം മാനന്തവാടി ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരുമാണ് മൃതദേഹം താഴെയിറക്കിയത്. ലക്ഷ്മിയാണ് ഭാര്യ .നാലു മക്കളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :