‘വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോഡി സര്‍ക്കാര്‍ ഒറ്റപ്പെടുകയാണ്’

കൊച്ചി| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (16:24 IST)
തെരഞ്ഞെടുപ്പിനു മുന്‍പു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോഡി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു കൂടുതല്‍ ഒറ്റപ്പെടുകയാണെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എറണാകുളം ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റത്തിന്റെ പേരു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ജനങ്ങളെ വലിയ വിലക്കയറ്റത്തിലേക്കു തള്ളിയിടുകയാണ് ചെയ്തത്. റെയില്‍ യാത്രക്കൂലിയും ചരക്കു കൂലിയും കൂട്ടി. മണ്ണെണ്ണ വില പോലും വര്‍ധിപ്പിച്ചു. ഇപ്പോള്‍ പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ല്‍ നിന്ന് ഒന്‍പതാക്കി കുറക്കാന്‍ ശ്രമിക്കുകയാണ്.

ഇതിനെതിരേ കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. സിപിഎം കമ്യൂണിസം കൈവിട്ട് ഓപ്പര്‍ച്യൂണിസം സ്വീകരിച്ചിരിക്കുകയാണ്. അവസരവാദമാണ് സിപിഎം നയം. ബംഗാളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം മൂന്നും നാലും സ്ഥാനത്തൊക്കെയാണ് വന്നത്. കേരളത്തിലും ആ സ്ഥിതി വരും. ടിപി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം സിപിഎം നന്നാകുമെന്നു പലരും കരുതി. എന്നാല്‍ കതിരൂര്‍ മനോജ് വധത്തോടെ സിപിഎം കൊലപാതക രാഷ്ട്രീയം തുടരുമെന്നാണു തെളിയിച്ചതെന്നു സുധീരന്‍ പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :