എസ് എസ് എല്‍ സി ഫലവും ചില അപ്രിയ ചിന്തകളും

വിഷ്ണു എന്‍ എല്‍| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (15:37 IST)
കേരളത്തില്‍ അടുത്ത കാലത്തായി സംസ്ഥാന സിലബസില്‍ പത്താം ക്ലാസ്
എസ് എസ് എല്‍ സി പരീക്ഷയിലെ വിജയ ശതമാനം നൂറില്‍ തൊട്ടു തൊട്ടില്ല എന്ന നിലയിലാണ്. എല്ലാവരേയും ജയിപ്പിക്കുന്നത് എങ്ങനെയാണ് എന്ന് ആലോചിച്ചിട്ടാണോ എന്നറിയില്ല, ഭാഗ്യത്തിന് ഇതേവരെ വിജയം നൂറില്‍ തൊട്ടിട്ടില്ല. 99, 97 തുടങ്ങിയ സംഖ്യകളില്‍ അത് വട്ടമിട്ട് പറക്കുന്നു. കേരളത്തില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടാണോ പത്താം ക്ലാസ് വിജയ ശതമാനം ഉയരുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്ന് പഠിക്കാത്ത ഏത് കുട്ടിപോലും പറയും. പിന്നെ എന്തിനാണ് എല്ലാവരേയും പത്താംക്ലാസ് കടമ്പ കടത്താന്‍ വിദ്യാഭ്യാസ വകുപ്പ് പെടാപ്പാട് പെടുന്നത്?

ആറെയെങ്കിലും സന്തോഷിപ്പിക്കേണ്ടതായിട്ടുണ്ടൊ? എല്ലാവരേയും ജയിപ്പിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് പേരിന് ഇത്രയും കോടികള്‍ ചെലവഴിച്ച് നടത്തുന്ന പരീക്ഷാ മാമാങ്കം? ചോദ്യങ്ങള്‍ അനവധിയാണ് എന്നാല്‍ ഉത്തരം തരേണ്ടവര്‍ വീണ്ടും വീണ്ടും വിജയ ശതമാനം ഉയര്‍ത്തി കേരള വിദ്യാഭ്യാസ മാതൃക ലോകോത്തരമെന്ന് മേനി നടിക്കുന്നു. ബീഹാറിലെ പത്താം ക്ലാസ് പരീക്ഷ കുപ്രസിദ്ധമാക്കിയത് കോപ്പിയടിക്കാന്‍ മക്കളേയും സഹോദരങ്ങളെയും സഹായിക്കുന്നതിനായി ക്ലാസ് മുറികളുടെ ജനാലയില്‍ വലിഞ്ഞുകയറിനില്‍ക്കുന്ന രക്ഷിതാക്കളുടെ കൂട്ടയിടിയാണ്.
നാളെ ഒരു ദിവസം കേരളം അറിയപ്പെടാന്‍ പോകുന്നത് പരീക്ഷയില്‍ പങ്കെടുത്ത എല്ലാ കുട്ടികളും ജയിച്ച നാടെന്ന പേരിലായിരിക്കും.

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താതെ വിജയശതമാനം ഉയര്‍ത്തിയിട്ട് എന്താണ് പ്രയോജനം. ഇതിനു പിന്നില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നതായി ജനങ്ങള്‍ക്ക് തോന്നാത്തതാണ് അതിശയം. കേരളത്തില്‍ ഒരു പ്രതിപക്ഷമുണ്ടോ എന്നുപോലും ആരും സംശയിക്കുന്ന അവസ്ഥയിലുമായി. എസ് എസ് എല്‍ സി വിജയ ശതമാനം ഉയരുന്നതില്‍ അസ്വഭാവികത ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നണമെന്നുണ്ടെങ്കില്‍ കേരളത്തില്‍ ഇതുവരെ ഹയര്‍ സെക്കന്‍ഡറിക്കായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ച സ്കൂളുകളുടെ എണ്ണത്തിലുള്ള വര്‍ധന മാത്രം കണക്കിലെടുത്താല്‍ മാത്രം മതിയാകും.

ഇതില്‍ അധികവും എയ്ഡഡ് സ്കൂളുകളാണ് എന്നത് ശ്രദ്ധേയമാണ്. പത്താം ക്ലാസ് പാസാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നത് എയ്ഡഡ് മേഖലയില്‍ വമ്പന്‍ ചാകരക്കൊയ്ത്തിനാണ് അവസരം നല്‍കുന്നത്. കേരളത്തില്‍ നിലവിലെ അവസ്ഥയില്‍ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനു വേണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ല. പല കുട്ടികളും തൊഴിലധിഷ്ടിത മേഖലകളിലേക്ക് തിരിയുകയാണ് പതിവ്. ചില കുട്ടികള്‍ അണ്‍ എയ്ഡഡ് മേഖലകളില്‍ ഉയര്‍ന്ന തുക കൊടുത്ത് പഠിക്കാന്‍ ശ്രമിക്കുന്നു.

ഇവിടെയാണ് കോടികള്‍ മറിയുന്ന സാധ്യതകള്‍ മറഞ്ഞുകിടക്കുന്നത്. വിജയ ശതമാനം ഉയര്‍ന്നതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തിനുള്ളില്‍ തന്നെ പല സ്കൂളുകള്‍ക്കും പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ക്ക് അനുമതി നല്‍കേണ്ടതായി വരും. മത്സരം കടുക്കുമ്പോള്‍ അഴിമതിക്ക് കളമൊരുങ്ങും. കൂടാതെ സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കാന്‍ കോഴവാങ്ങുന്നത് സര്‍വ്വ സാധാരണമാകും. പ്ലസ്ടു കോഴ്സും, ബാച്ചുകളും അനുവദിക്കുന്നതില്‍ അരങ്ങേറിയ കോടികളുടെ അഴിമതികള്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ വാര്‍ത്തയായതാണ്. ഇത് ഇനിയും ആവര്‍ത്തിക്കും.

2010 മുതലാണ് വിജയശതമാനം കൂടുതലായി ഉയര്‍ന്നുതുടങ്ങിയത്- 90.78. തുടര്‍ന്നുള്ള വര്‍ഷങ്ങളിലത് 91.37, 93.64 94.17, 95.47 എന്നിങ്ങനെ ഉയര്‍ന്നു. ഈ വര്‍ഷം 97.99 ഉം. 2005 ല്‍ 58.48 ആയിരുന്നത് 10 വര്‍ഷം കൊണ്ട് 40 ശതമാനം ഉയര്‍ന്നു. 2005 ല്‍ ഗ്രേഡിങ് നിലവില്‍ വന്നതോടെയാണ് വിജയശതമാനത്തില്‍ ഈ കുതിച്ചുചാട്ടമുണ്ടായത്.
ഇത്തരത്തില്‍ കുതിച്ചുയരുന്ന വിജയ ശതമാനം വിദ്യാഭ്യാസ വകുപ്പില്‍ കോടികളുടെ അഴിമതിക്കാണ് കളമൊരുക്കുന്നത്. കോഴവാങ്ങി സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ വിജയ ശതമാനമുയര്‍ത്തല്‍ എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

അടുത്തതായി കേരളത്തില്‍ പ്ലസ് ടു റിസള്‍ട്ട് റെക്കോര്‍ഡ് വേഗത്തില്‍ പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തുന്നത്. എസ് എസ് എല്‍ സി റിസള്‍ട്ട് അബദ്ധ പഞ്ചാംഗമായ സാഹചര്യത്തില്‍ പ്ലസ് ടു റിസള്‍ട്ട് എങ്ങനെ കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയും? ഇനി അബ്ദുറബ്ബിന്റെ അബദ്ധങ്ങള്‍ അടുത്ത വര്‍ഷം അനുഭവിക്കേണ്ടതായി വരില്ല എന്ന ആശ്വാസത്തിലാണ് നിലവില്‍ ഒമ്പതിലും പ്ലസ് വണ്ണിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍...!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :