ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു; മദ്യപിച്ച് അമിത വേഗതയിലാണ് കാറോടിച്ചതെന്ന് കണ്ടെത്തൽ

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം.

Last Modified ശനി, 3 ഓഗസ്റ്റ് 2019 (08:10 IST)
മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ (35) ആണ് മരണപ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരമാന്റെ കാറിടിക്കുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം.

വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാറില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. എന്നാല്‍ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കാതെ ആദ്യം വിട്ടയക്കുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇവരെ ഫോണില്‍ വിളിക്കാന്‍ പോലും പൊലീസ് തയ്യാറായത്. ഇവരെ പിന്നീട് വൈദ്യപരിശോധന നടത്തിയ ശേഷം വിട്ടയച്ചു.

കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :