ഒരു ഇന്ത്യന്‍ ഐടി സ്റ്റാര്‍ട്അപ് വിജയ കഥ അഥവാ നാലുപേര്‍ ചേര്‍ന്ന് വെട്ടിപ്പിടിച്ച അഭിമാന നേട്ടം

മലയാളികളുടെ സ്റ്റാര്‍ട് അപ് പ്രൊഫൗണ്ടിസ് ലാബ്‌സ് അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു

കളമശ്ശേരി| priyanka| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (12:01 IST)
അര്‍ജുന്‍ ആര്‍ പിള്ള, ജോഫിന്‍ ജോസഫ്, നിതിന്‍ സാം ഉമ്മന്‍, അനൂപ് തോമസ് മാത്യു
ഐടി മേഖലയില്‍ കേരളത്തിന്റെ മുന്നോട്ടുള്ള കാല്‍വയ്പ്പിന് ഇവര്‍ നാലുപേരും നല്‍കിയ കരുത്ത് ചെറുതൊന്നുമല്ല. കേരളത്തിന്റെ സൈബര്‍ മേഖലയ്ക്ക് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള നേട്ടമാണ് ചുരുങ്ങിയ കാലം കൊണ്ട് ഇവര്‍ നേടിയെടുത്തത്. അമേരിക്കന്‍ ഐടി കമ്പനിയായ ഫുള്‍ കോണ്ടാക്ട് ഏറ്റെടുത്ത കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്അപ് ആയ ഫ്രൊഫൗണ്ടിസ് ലാബ്‌സിന്റെ ചരിത്രവും വര്‍ത്തമാനവും ഇനി ഭാവിയും ഇവര്‍ നാലുപേരുമാണ്.

കണ്ണടച്ച് തുറക്കുന്ന വേഗത്തിലോ ഏതാനും മാസങ്ങള്‍ക്കൊണ്ടോ അല്ല ഇവര്‍ നാലുപേരും തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. തേടിവന്ന നിരവധി മികച്ച ജോലി സാധ്യതകളാണ് തങ്ങളുടെ സ്വപ്‌നത്തിന് വേണ്ടി നാലുപേരും ബലികഴിച്ചത്. ചെങ്ങന്നൂര്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജിലെ നാലു സഹപാഠികള്‍. പഠനം പൂര്‍ത്തിയാക്കി ഉന്നത ജോലിയും, മികച്ച ശമ്പളവും എന്നത് ആഗ്രഹത്തെക്കാള്‍ മുന്നോട്ടുള്ള ജീവിതത്തിന് നാലുപേര്‍ക്കും അത്യാവശ്യമായിരുന്നു. കാരണം നാലുപേര്‍ക്കുമുള്ളത് സമ്പന്നമായ ജീവിത ചുറ്റുപാടുകളല്ല എന്നതു തന്നെ.

തിരുവല്ലയില്‍ ചെറുകിട രീതിയില്‍ റബ്ബര്‍ബാന്‍ഡ് നിര്‍മാണ കേന്ദ്രം നടത്തുകയായിരുന്നു അര്‍ജുന്റെ പിതാവ്, മാതാവ് സഹകരണബാങ്കില്‍ ജീവനക്കാരി. കോട്ടയം തോട്ടയ്ക്കാട് സ്വദേശി ജോഫിന്റെ പിതാവ് പെട്രോള്‍ പമ്പ് ജീവനക്കാരമാണ്. കായംകുളത്തു പലചരക്കു കട നടത്തുകയായിരുന്നു നിതിന്റെ പിതാവ്. തൊടുപുഴ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ മകനാണ് അനൂപ്.

കോളജില്‍ പഠിക്കുന്ന കാലത്ത് ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ തുടങ്ങിയ ചെറിയൊരു ബിസിനസ് ആയിരുന്നു തുടക്കം. പാര്‍ട് ടൈം ജോലിയ്ക്കും ബിസിനസിനുമൊപ്പം നാലു പേരും മികച്ച രീതിയില്‍ എന്‍ഞ്ചിനിയറിംഗ് പാസായി. പഠനശേഷം സാധാരണ പോലെ നാലുപേരും മുന്‍നിര ഐടി കമ്പനികളുടെ ഭാഗമായി. മറ്റ് കമ്പനികള്‍ക്ക് വേണ്ടി ടെന്‍ഷനടിച്ച് ജോലിചെയ്യാതെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അപ്പോഴും മനസിലുള്ള ഏറ്റവും വലിയ സ്വപ്‌നം. ആഗ്രഹം പ്രവൃത്തികളെയും കീഴടക്കാന്‍ തുടങ്ങിയതോടെ ആദ്യം അര്‍ജുന്‍ ജോലി ഉപേക്ഷിച്ചു. അതോടെ ഇന്‍ഫോസിസില്‍ തന്നെ ജോലി ചെയ്തിരുന്ന ജോഫിനും ഹൈദരാബാദിലെയും കൊച്ചിയിലെയും ജോലി ഉപേക്ഷിച്ച് അനൂപും നിതിനും അര്‍ജുനൊപ്പം എത്തി. കൊച്ചി കളമശ്ശേരിയിലെ സ്റ്റാര്‍ട്അപ് വില്ലേജില്‍ പ്രൊഫൗണ്ടിസ് ലാബ്‌സ് എന്ന കമ്പനിക്ക് അതോടെ തിരിതെളിഞ്ഞു.

സ്വന്തമായി ഒരു ഉല്‍പന്നമോ സേവനമോ കണ്ടെത്തുകയും ഐടി വിപണിയില്‍ വില്‍ക്കുകയും ചെയ്യുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ശ്രമങ്ങളൊക്കെ ഒന്നൊന്നായി പരാജയപ്പെട്ടെങ്കിലും തോറ്റു പിന്മാറാന്‍ നാലുപേരും തയ്യാറായിരുന്നില്ല. പല ആശയങ്ങളുമായി സംരംഭകത്വ വേദികളില്‍ ഇവര്‍ സാന്നിദ്ധ്യമറിയിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ മൈക്രോസോഫ്റ്റ്
പ്രൊഫൗണ്ടിസ് ലാബ്‌സിന് കൈത്താങ്ങായി. മൈക്രോസോഫ്റ്റ് വെഞ്ചേഴ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കേരളത്തിലെ ആദ്യ കമ്പനിയായി പ്രൊഫൗണ്ടിസ്. പിന്നീടങ്ങോട്ട് അംഗീകാരങ്ങളും അവസരങ്ങളും നിരവധി ലഭിച്ചു.

ചിലി സര്‍ക്കാര്‍ നടത്തുന്ന സ്റ്റാര്‍ട്അപ് ചിലേയ്ക്കു ക്ഷണം ലഭഇച്ചു. 2013ല്‍ അമേരിക്കയിലെ സിലിക്കോണ്‍ വാലിയില്‍ ബ്ലാക്‌ബോക്‌സ് കണക്ട് സംരഭക പരിശീലനത്തിലേക്ക് ആഗോള തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എട്ടു കമ്പനികളില്‍ ഒന്നായി പ്രൊഫൗണ്ടിസ് മാറി. ഇവിടെ നിന്നു ലഭിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും കഠിനാധ്വാനവും വൈബ്‌സ് എന്ന സോഫ്റ്റ് വെയറിന് വെള്ളവും വളവുമായി. ലോകത്തുള്ള ഏതൊരാളെകുറിച്ചും ഞൊടിയിടയ്ക്കുള്ളില്‍ ലോകത്തിന്റെ ഏത് കോണിലിരുന്നും കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ കണ്ടെത്താം എന്നതാണ് വൈബ്‌സ് ആപ്ലിക്കേഷന്റെ പ്രധാന പ്രത്യേകത.

നാലു പേര്‍ മാത്രമുണ്ടായിരുന്ന കമ്പനിയിലേക്ക് ഒരു ജീവനക്കാരന്‍ കൂടി എത്തിച്ചേര്‍ന്നു. പിന്നീട് വെറും ഒരു വര്‍ഷത്തിനുള്ളില്‍ 72 എന്‍ജിനിയര്‍മാര്‍ക്ക് പ്രൗഫൗണ്ടിസ് ജോലി നല്‍കി. പൂര്‍ണമായും കേരളത്തില്‍ പ്രവര്‍ത്തിച്ചതും മലയാളികളായ നിക്ഷേപകരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചുമാണ് പ്രൊഫൗണ്ടിസ് വളര്‍ന്നത്. വിശ്വസിച്ച് നിക്ഷേപിച്ചവര്‍ക്കെല്ലാം വിഹിതം നടക്കികൊടുക്കാനായി എന്നതും കമ്പനിയുടെ നേട്ടം തന്നെ. വൈബ്‌സ് ഹിറ്റായതോടെ അമേരിക്ക ആസ്ഥാനമായുള്ള ഫുള്‍കോണ്‍ടാക്ട് എന്ന ഐടി കമ്പനി പ്രൊഫൗണ്ടിസിനെ ഏറ്റെടുത്തു. കേരളത്തില്‍ നിന്നും ഏറ്റെടുക്കപ്പെട്ട ആദ്യത്തെ പ്രൊഡക്ട് കമ്പനി എന്ന വിശേഷണവും പ്രൊഫൗണ്ടിന് സ്വന്തമായി. മുഴുവന്‍ ജീവനക്കാരെയും അടക്കമാണ് ഏറ്റെടുക്കല്‍. അമേരിക്കന്‍ കമ്പനിയുടെ ഭാഗമായെങ്കിലും പ്രൊഫൗണ്ടസിന്റെ ആസ്ഥാനം കൊച്ചി തന്നെയായിരിക്കും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം പേര്‍ക്ക് കമ്പനി ജോലി നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :