നാഥനില്ല കളരി പോലെയാണിപ്പോള്‍, തീരുമാനം എടുക്കാനും നടപ്പാക്കാനും ആരുമില്ല; സുധീരനെ വേട്ടയാടി ഗ്രൂപ്പുകള്‍ - സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്ന് വ്യക്തമായതോടെ നേതൃത്വത്തെ രാഹുല്‍ ഡല്‍ഹിക്ക് വിളിപ്പിച്ചു

സുധീരനെ ലക്ഷ്യമാക്കിയാണ് എ, ഐ ഗ്രൂപ്പുകള്‍ നീങ്ങുന്നത്

സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി , എ ഗ്രൂപ്പും ഐ ഗ്രൂപ്പും , ഹൈക്കമാൻഡ്
തിരുവനന്തപുരം/ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 9 ജൂണ്‍ 2016 (17:11 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍‌വി ഏറ്റവാങ്ങിയതിന് പിന്നാലെ നേതാക്കള്‍ പരസ്‌പരം ചെളി വാരിയെറിയാനും തുടങ്ങിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഹൈക്കമാൻഡ് ഡല്‍ഹിച്ചു വിളിച്ചതോടെ കാര്യങ്ങള്‍ ഗുരുതരമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. യോഗത്തില്‍ സുധീരനെതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും സംഘടിതമായി വിമര്‍ശനം അഴിച്ചുവിട്ടു. എ ഗ്രൂപ്പിലെ നല്ലൊരു പങ്കും വിഎം സുധീരന് പകരം മറ്റൊരാള്‍ കെപിസിസി അധ്യക്ഷനാകണമെന്ന നിലപാടാണ് സ്വീകരിച്ചത്‌. എന്നാല്‍ അങ്ങനെയൊരു സംസാരം ഉണ്ടായിട്ടില്ല എന്നാണ് സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവര്‍ത്തിക്കുന്നത്.

ഇതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ അടി രൂക്ഷമായതോടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ എന്നിവരെ ചര്‍ച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ മാത്രമെ വിജയിക്കാന്‍ സാധിച്ചുള്ളൂവെന്നും നിലവില്‍ നാഥനില്ല കളരി പോലെ സംസ്ഥാന കോണ്‍ഗ്രസ് നീങ്ങുകയാണെന്നുമാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

അതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ വേണമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശൂന്യത നിലനില്‍ക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ സുധീരന്‍ സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കിയെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ഇതിനെത്തുടര്‍ന്നാണ് കേരളാ നേതാക്കളെ ഡല്‍ഹിക്ക് വിളിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്.

സുധീരനെ ലക്ഷ്യമാക്കിയാണ് എ, ഐ ഗ്രൂപ്പുകള്‍ നീങ്ങുന്നത്. തോല്‍‌വിയുടെ സകല ഉത്തരവാദിത്വവും അദ്ദേഹത്തിനുമേല്‍ ചാരാനാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ നിന്നു ചരട് വലിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയും ഉമ്മന്‍ ചാണ്ടിയുമാണ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെയും കുറ്റപ്പെടുത്തലുകളെയും നേരിടാന്‍ സുധീരന് സാധിക്കുന്നില്ല. അദ്ദേഹത്തിനായി വാദിക്കാന്‍ ഉന്നത നേതാക്കള്‍ ഒന്നും ഇല്ലാത്തതാണ് പ്രശ്‌നം. വിഷയം ഹൈക്കമാന്‍ഡില്‍ എത്തിയ സാഹചര്യത്തില്‍ നേതാക്കളെ ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് കാണുമെന്ന് ഉറപ്പാണ്. ഈ കൂടിക്കാഴ്‌ചകളില്‍ സുധീരനെതിരെ ആഞ്ഞടിക്കാനാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ശക്തമായ അഴിച്ചുപണിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ഒറ്റക്കെട്ടായി നീങ്ങണമെന്ന് കേരളത്തിലെ നേതാക്കളോട് ആവശ്യപ്പെടും. കോൺഗ്രസ് പുനഃസംഘടനയ്ക്ക് എഐസിസി മാർഗനിർദേശം കൊണ്ടുവരാൻ തീരുമാനം ഉണ്ടാക്കും. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. ഗ്രൂപ്പിനല്ല, പ്രവർത്തന മികവിനായിരിക്കും മുൻഗണന നല്‍കുക.

നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍‌വി ഏറ്റവാങ്ങിയതിന് പിന്നാലെ നേതാക്കള്‍ പരസ്‌പരം ചെളി വാരിയെറിയാനും തുടങ്ങിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപ്‌തിയുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം കേരളത്തില്‍ നിന്നുള്ള ഒരു നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തേണ്ട എന്നാണ് സോണിയ നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യം അതീവ ഗുരുതരമായതിനാലാണ് വിഷയത്തില്‍ സോണിയ ഇടപെടുന്നത്.

ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും തിരിച്ചടി നേരിടുകയാണെങ്കില്‍ നേരിയ ഭൂരിപക്ഷത്തിന്റെ വ്യത്യാസം മാത്രമെ ഉണ്ടാകുകയുള്ളൂവെന്നുമാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും അറിയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് വന്‍ പരാജയം നേരിട്ടെന്ന് വ്യക്തമാകുകയായിരുന്നു. രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഭരണം നഷ്‌ടമായത് ദയനീയമായ പരാജയം നേരിട്ടത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നിലനിന്ന തര്‍ക്കങ്ങലും വിവാദങ്ങളും ഇപ്പോഴും അവസാനിക്കാത്തതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :