പാനായിക്കുളം സിമികേസ്; ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും

കൊച്ചി| VISHNU N L| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (18:32 IST)
സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്ന കേസിലെ ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍‌ഐ‌എ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതികളായിരുന്ന 11 പേരെ വെറുതെ വിട്ടു.
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളായ ഈരാറ്റുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ. ഷാദുലി, നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിഖ്, ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരാണ് കുറ്റക്കാര്‍.

പതിമൂന്നാം പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റി. രണ്ടും മൂന്നും പ്രതികളായ റാസിഖിനും അന്‍സാര്‍ നദ്വിക്കുമെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റു മൂന്ന് പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റങ്ങളും യു.എ.പി.എ.യും ചുമത്തിയിട്ടുണ്ട്. ഒന്നാം പ്രതി പി.എ. ഷാദുലിയും അന്‍സാര്‍ നദ്വിയും 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്.

2006ലെ സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിലാണ് നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗം നടന്നത്. 'സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിങ്ങളുടെ പങ്ക്' എന്ന വിഷയത്തിലാണ് യോഗം നടന്നതെന്നാണ് എന്‍ഐഎ. കണ്ടെത്തിയത്. വേദിയില്‍ അഞ്ച് സിമി നേതാക്കളും സദസ്സില്‍ 13 പേരും അടക്കം 18 പേര്‍ യോഗത്തില്‍ പങ്കെടുത്തു.

രഹസ്യ വിവരത്തെത്തുടര്‍ന്ന് ബിനാനിപുരം എസ്.ഐ. കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ യോഗസ്ഥലം റെയ്ഡ് ചെയ്ത് ദേശവിരുദ്ധ ലേഖനങ്ങളും പുസ്തകങ്ങളും കണ്ടെടുക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ എന്‍ഐഎ. കേസ് ഏറ്റെടുത്തപ്പോള്‍ മാപ്പുസാക്ഷിയാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :