യുവാവിനെ വെടിവച്ചുകൊന്നകേസ്: സഹോദരന്മാര്‍ പിടിയില്‍

പെരിന്തല്‍മണ്ണ| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (20:07 IST)
കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കില്‍പോയ യുവാവിനെ വെടിവച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ പൊലീസ് പിടിയിലായി. പെരിന്തല്‍മണ്ണ മാട്ടറയ്ക്കല്‍ വെള്ളപ്പാറ എസ് വളവില്‍ വച്ച് പത്തിരി ജാഫര്‍ എന്നയാളെ വെടിവച്ചു കൊന്ന താഴേക്കാട് അരക്കുപറമ്പ് മാട്ടറയ്ക്കല്‍ സ്വദേശി നടക്കളത്തില്‍ വീട്ടില്‍ ആസിഫ് അലി (27), സഹോദരന്‍ അന്‍സാര്‍ അലി (27) എന്നിവരാണു പിടിയിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഭാര്യാ വീട്ടില്‍ നിന്ന് മേലേക്കളം ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന ജാഫറിനെ അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. എന്നാല്‍ ഇതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണമാണ് പ്രധാന പ്രതികള്‍ വലയിലാകാന്‍ കാരണം.

നാടന്‍ തോക്കില്‍ നിന്നായിരുന്നു വെടിയേറ്റത്. ജാഫറിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. വിരലടയാള വിദഗ്ദ്ധരുടെ സഹായമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.

ആറുമണിക്കൂറോളം ചുറ്റുപാടുകള്‍ നിരീക്ഷിച്ച ശേഷമായിരുന്നു ജാഫറിനെ ആസിഫ് അലി വെടിവച്ചത്. മറഞ്ഞിരുന്ന് വച്ച ആദ്യ വെടിക്കു തന്നെ ജാഫര്‍ താഴെവീണു. പിന്നീട് രണ്ടെണ്ണം കൂടി വച്ച് മരണം ഉറപ്പാക്കി. പിന്നീട് തോക്ക് പാറമടയിലെ വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാഫര്‍ ആസിഫ് അലിയെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇതില്‍ ഏറെ നാള്‍ ചികിത്സയും വേണ്ടിവന്നിരുന്നു. കുത്തുകേസില്‍ തെളിവില്ലാത്തതിനാല്‍ ജാഫര്‍ക്ക് ശിക്ഷ ലഭിച്ചുമില്ല. ഇതായിരുന്നു കൊലപാതകത്തിനു കാരണം.
ഡി.വൈ.എസ്.പി പി.എം.പ്രദീപ്, സി.ഐ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ വലയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :