കൊക്കെയ്‌ന്‍ എത്തിക്കാറുള്ളത് ഗോവയില്‍ നിന്നെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി| Last Modified ശനി, 31 ജനുവരി 2015 (12:39 IST)
കഴിഞ്ഞദിവസം കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്ന് കൊക്കെയ്‌നുമായി അറസ്റ്റിലായ യുവനടന്‍ ഷൈനിനെ പൊലീസ് ചോദ്യം ചെയ്തു. കൊക്കെയ്ന്‍ എത്തിക്കാറുള്ളത് ഗോവയില്‍ നിന്നാണെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്കി. രേഷ്‌മ എന്ന യുവതി വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലാണ് ഇവര്‍ ഒത്തുചേര്‍ന്നതെന്നും അറസ്റ്റു ചെയ്യുമ്പോള്‍ ഇവരുടെ കൈവശം 10ഗ്രാമോളം കൊക്കെയ്ന്‍ ഉണ്ടായിരുന്നുവെന്നും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഷൈനിനെ ചോദ്യം ചെയ്തതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവരുടെ കൈയില്‍ നിന്നു പിടിച്ചെടുത്ത കൊക്കെയ്‌ന് വിപണിയില്‍ രണ്ടുലക്ഷം രൂപയോളം വിലവരും. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് ഇവരെ അറസ്റ്റു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ സ്ഥിരമായി മയക്കുമരുന്ന് കൊണ്ടു വരാറുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും ഇവര്‍ ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്. അതേസമയം, സ്മോക്കേഴ്സ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നിസാമിനെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. എന്നാല്‍ ,നിസാമുമായി ബന്ധമില്ലെന്ന് ചോദ്യം ചെയ്യലിനിടെ ഷൈന്‍ പറഞ്ഞിരുന്നു.

യുവനടന്‍ ഷൈന്‍ ടോം ചാക്കോ, സഹസംവിധായികയായ ബ്ലസി, മോഡലുകളായ ടിന്‍സി, രേഷ്മ, ദുബായിലെ ട്രാവല്‍ മാര്‍ട്ട് ഉടമ സ്നേഹ എന്നിവരാണ് അറസ്റ്റിലായത്. ‘ഇതിഹാസ’ എന്ന സിനിമയില്‍ നായകനായിരുന്ന ഷൈന്‍ പകിട,​ ഹാങ്‌ഓവര്‍ ,​ അന്നയും റസൂലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :