പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തല തികഞ്ഞ പരാജയമോ?

ചെന്നിത്തല എന്ന പ്രതിപക്ഷനേതാവിനെ വി എസിനോട് താരതമ്യപ്പെടുത്തിയാല്‍...!

 രമേശ് ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി, കോടിയേരി, വി എസ്, പിണറായി, സുധീരന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ Ramesh Chennithala, Oommenchandy, Kodiyeri, VS, Pinarayi, Sudheeran, Shafi Parambil, Haiby Eaden
അനില്‍ ശിവദാസ്| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (17:01 IST)
രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവെന്ന നിലയില്‍ എത്ര മാര്‍ക്കിടാം? അതൊരു ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യമാണ്. കേരളത്തില്‍ പ്രതിപക്ഷനേതാവിനെ വിലയിരുത്തുന്നതിന് ഒരു മാതൃകയേയുള്ളൂ. അത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനാണ്. വി എസിനോട് താരതമ്യപ്പെടുത്തി പ്രതിപക്ഷനേതാക്കളെ വിലയിരുത്തുക എളുപ്പമാണ്.

അങ്ങനെ ഒരു താരതമ്യപ്പെടുത്തലിനോ വിലയിരുത്തലിനോ തയ്യാറായാല്‍, പ്രതിപക്ഷനേതാവ് എന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്ന് ബോധ്യപ്പെടും. പിണറായി സര്‍ക്കാര്‍ അധികാരമേറിക്കഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ ഒരു മന്ത്രിയുടെ രാജി സംഭവിച്ചു എങ്കില്‍ അതില്‍ പ്രതിപക്ഷനേതാവിന്‍റേതായി ഒരു സംഭാവനയുമില്ല.

ജയരാജന്‍റെ രാജി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം വിളിക്കുകയോ കത്തയയ്ക്കുകയോ പ്രസ്താവനകളിറക്കുകയോ ചെയ്തതുകൊണ്ടായിരുന്നില്ല. ജയരാജന്‍ രാജിവയ്ക്കണമെന്നത് മുഖ്യമന്ത്രിയുടെ നിര്‍ബന്ധമായിരുന്നു. ബന്ധുനിയമനം തെറ്റാണെന്നും നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി നേരത്തേതന്നെ സൂചനകള്‍ നല്‍കിയിരുന്നു. കൂട്ടത്തില്‍ ചില പ്രസ്താവനകളുമായി വന്നു എന്നതല്ലാതെ, ആ രാജിയുടെ ക്രെഡിറ്റ് സ്വന്തം അക്കൌണ്ടില്‍ ഉള്‍പ്പെടുത്താന്‍ പ്രതിപക്ഷനേതാവിന് കഴിയില്ല.

പിന്നെ, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ നടന്ന സ്വാശ്രയ സമരം ഈ വര്‍ഷത്തെ ഏറ്റവും വലിയ കോമഡിയായി മാറുകയും ചെയ്തു. സമരം അമ്പേ പൊളിയുകയും സമരത്തിന്‍റെ ആവശ്യകത തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തതോടെ അതിന് നേതൃത്വം നല്‍കിയ പ്രതിപക്ഷവും കെ പി സി സിയും അപഹാസ്യരായി. വേണ്ടത്ര പക്വതയോടെയല്ല സ്വാശ്രയപ്രശ്നം കൈകാര്യം ചെയ്തതെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ തന്നെ ശക്തമാകുകയും ചെയ്തു. മാത്രമല്ല, ഹര്‍ത്താല്‍ വിരുദ്ധ ഇമേജുള്ള ചെന്നിത്തല തന്നെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതുപോലെയുള്ള തമാശകളും ചുവന്ന മഷിക്കുപ്പിയുമൊക്കെയായി ജനത്തിന് ചിരിക്കാനുള്ള വക നല്‍കുന്നതായിരുന്നു സ്വാശ്രയ സമരം.

എന്തെങ്കിലുമൊരു വിഷയം കണ്ടെത്തി അത് സര്‍ക്കാരിനെതിരായ സമരത്തിന് കാരണമാക്കി മാറ്റാനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ പ്രതിപക്ഷം. നിര്‍ഭാഗ്യവശാല്‍ അത്തരം വിഷയങ്ങളൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ആകെ സര്‍ക്കാരിനെ അടിക്കാന്‍ കിട്ടിയ വടിയായിരുന്നു ബന്ധുനിയമന വിവാദം. അതിപ്പോള്‍ സര്‍ക്കാരിന് അനുകൂലമാക്കി മാറ്റാന്‍ പിണറായിക്ക് കഴിഞ്ഞിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ പിണറായി സര്‍ക്കാരിന് മുന്നില്‍ നിരായുധരായി നില്‍ക്കുകയാണ് ഇപ്പോള്‍ പ്രതിപക്ഷവും പ്രതിപക്ഷനേതാവും.

അതുകൊണ്ടുതന്നെ പ്രതിപക്ഷനേതാവെന്ന നിലയില്‍ ഒരു പരാജയമാണ് ചെന്നിത്തല എന്ന വിലയിരുത്തലുണ്ടായാല്‍ അതില്‍ തെറ്റ് പറയാനാവില്ല. ചെന്നിത്തലയുടെ വീഴ്ചകള്‍ മുതലാക്കാന്‍ ഉമ്മന്‍‌ചാണ്ടി തക്കം പാര്‍ത്തിരിപ്പുണ്ട് എന്നതും മാറ്റിനിര്‍ത്തപ്പെടാനാവാത്ത വസ്തുതയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :