കതിരൂര്‍ മനോജിന്റെ വീട്ടില്‍ ഇന്ന് രാജ്‌നാഥ് സിംഗ് എത്തും

കണ്ണൂര്‍| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (10:10 IST)
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കതിരൂരില്‍ കൊല്ലപ്പെട്ട മനോജിന്റെ വീട്ടില്‍ ഇന്ന് സന്ദര്‍ശനം നടത്തും. തലശേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന ആഭ്യന്തരമന്ത്രി മനോജ് വധക്കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച കേന്ദ്ര നിലപാട് പ്രഖ്യാപിച്ചേക്കും.

പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് കരിപ്പൂരിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ഹെലികോപ്ടറില്‍ തലശേരിയില്‍ എത്തി മനോജിന്റെ വീട്ടിലെത്തും. തലശേരിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം മനോജ് വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തും.

ഇതിന് ശേഷം സിബിഐ അന്വേഷണം സംബന്ധിച്ച കേന്ദ്ര തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. മനോജ് വധക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടെങ്കിലും കേന്ദ്ര സര്‍ക്കാരോ സിബിഐയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി മറുപടി അറിയിച്ചിട്ടില്ല. മനോജ് വധക്കേസില്‍ കേന്ദ്ര നേതാക്കളെ രംഗത്തിറക്കി കേരളത്തിലെ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.

അതുകൊണ്ടു തന്നെ തലശേരിയില്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി എന്തെങ്കിലും പരാമര്‍ശം നടത്തുമെന്നും നേതൃത്വം വിശ്വസിക്കുന്നു. ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവും കഴിഞ്ഞ ദിവസം തലശേരിയിലെത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :