പരിശീലന വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി: വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറ്റിനെ പ്രതിരോധിക്കാനാകാതെ റണ്‍വെയില്‍ നിന്ന് പരിശീലന വിമാനം തെന്നിമാറി, മണലില്‍ പുതഞ്ഞു

തിരുവനന്തപുരം| Aiswarya| Last Modified ശനി, 8 ഏപ്രില്‍ 2017 (08:53 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പരിശീലനവിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വിമാനം തെന്നിമാറി പൂര്‍ണമായും മണലില്‍ പുതഞ്ഞിരുന്നു. വിമാനം പറത്തിയിരുന്ന വിദ്യാര്‍ഥി രാഹുല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ചാക്കയിലെ രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയയേഷന്‍ ടെക്‌നോളജിയിലെ സെസ്‌ന 5 എന്ന പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.





വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പരിശീലന വിമാനം കനത്ത കാറ്റിനെ പ്രതിരോധിക്കാനാകാതെ റണ്‍വെയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് അക്കാദമി അധികൃതര്‍ വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അഗ്നിരക്ഷാസേനാ പ്രവര്‍ത്തകരും അക്കാദമിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് വിമാനത്തെ കെട്ടിവലിച്ച് അറ്റകുറ്റപ്പണി നടത്തുന്ന ഹാങ്ങറില്‍ എത്തിക്കുകയും ചെയ്തു.

എന്നാല്‍ കാറ്റിനെ പ്രതിരോധിക്കാനാകാതെ വരുമ്പോള്‍ ഇത്തരം അപകടങ്ങളുണ്ടാകാറുണ്ടെന്ന് അക്കാദമി അധികൃതര്‍ പറഞ്ഞു. വിമാനം അപകടത്തില്‍പ്പെട്ട വിവരം അക്കാദമി അധികൃതര്‍ ചെന്നൈയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞദിവസം ഡി ജി സി എ. അധികൃതരെത്തി വിമാനം പരിശോധിക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :