രാജന്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍, മൃതദേഹം പന്നികള്‍ക്ക് തീറ്റയായി നല്‍കി!!!

തിരുവനന്തപുരം| VISHNU.NL| Last Updated: തിങ്കള്‍, 3 നവം‌ബര്‍ 2014 (15:24 IST)

രാജന്‍ കൊല്ലപ്പെട്ടത് കൂത്താട്ടുകുളത്തെന്ന് വെളിപ്പെടുത്തല്‍. പൊലീസിലെ മുന്‍ കരാര്‍ ഡ്രൈവറുടേതാണ് വെളിപ്പെടുത്തല്‍. കൂത്താട്ടുകുളത്തെ പന്നി ഫാക്ടറിയില്‍ വച്ചാണ് രാജനെ കൊന്നത്. ഐസ് ചേംബറിലേക്ക് രാജന്‍റെ ശരീരം തള്ളിക്കയറ്റി. രാജന്‍റെ മൃതദേഹം അരച്ച് പന്നികള്‍ക്ക് നല്‍കിയിട്ടുണ്ടാവാം എന്നും
രാജനെ കൊന്ന ശേഷം പൊലീസിലെ മുന്‍ കരാര്‍ ഡ്രൈവര്‍ പീപ്പിളിനോട് പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.

38 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അടിയന്തിരാവസ്ഥ കാലത്ത് രാജനെ പൊലീസ് പിടികൂടിയത്. പിന്നീട് രാജനേ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല്. പിന്നീട് രാജനെ കൊലപ്പെടുത്ത് കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിച്ചു എന്ന് വെളിപ്പെടുത്തലുകള്‍ വന്നിരുന്നു. കക്കയം പൊലീസ് ക്യാമ്പില്‍ വച്ചാണ് രാജനെ കൊലപ്പെടുത്തിയെന്നാണ് അന്ന് പറഞ്ഞിരുന്നത്.

അക്കാലത്ത് രാജനൊപ്പം ക്യാമ്പിലുണ്ടായിരുന്ന നക്സലുകള്‍ വിശ്വസിച്ചിരുന്നത് രാജന്‍ കക്കയത്തുവച്ചു തന്നെ കൊല്ലപ്പെട്ടിരിന്നു എന്നായിരുന്നു. എന്നാല്‍ അന്ന് അഞ്ച് രൂ‍പയ്ക്ക് പൊലീസില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍ വെളിപ്പെടുത്തുന്നത് പ്രകാരം മൃതപ്രായനായ ഒരാളെ ഇത്തരത്തില്‍ അരച്ച് പന്നികള്‍ക്ക് ഇട്ടുകൊടുത്തു എന്നാണ്. അത് രാജനായിരിക്കാമെന്നാണ് ഇയാള്‍ പറയുന്നത്. ജീവനില്‍ പേടിയുണ്ടായിരുന്നതിനാലാണ് അന്ന് ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നും ഇപ്പോള്‍ മനസാക്ഷിക്കുത്ത് മൂലമാണ് എല്ലാം തുറന്ന് പറയുന്നതെന്നും ഇയാള്‍ പറയുന്നുണ്ട്.

ബേക്കണ്‍ ഫാക്ടറിയില്‍ വച്ചാണ് രാജനെ കൊന്നത്. ആനപോലും നിന്നാല്‍ ചത്തുപോകുന്ന തരത്തില്‍ തണുപ്പുള്ള ഐസ് ചേംബറില്‍ രാജനെ ഇട്ടതായും കുറച്ചു സമയങ്ങള്‍ക്ക് ശേഷം വടിപോലെയായ രാജന്റെ മൃതദേഹം താന്‍ കണ്ടതായും ഇയാള്‍ വെളിപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം മുളക് തേച്ച് അരച്ച് പന്നികള്‍ക്ക് നല്‍കിയിട്ടുണ്ടാകാമെന്നാണ് ഇയാള്‍ പറയുന്നത്. അക്കാലത്ത് പന്നികള്‍ക്ക് മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ അരച്ച് നല്‍കിയിരുന്നു. അതിനാല്‍ ഇതിന് സാധ്യത ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍.

കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു രാജന്‍. ഗായകനും കോളേജിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷനില്‍ ഉണ്ടായ നക്സലൈറ്റ് ആക്രമണത്തെ തുടര്‍ന്ന്, അതിള്‍ പങ്കാളിയായ രാജനെ കൊണ്ടുപോവുകയുമായിരുന്നു. കക്കയം പോലീസ് ക്യാമ്പിലേക്കായിരുന്നു രാജനെ കൊണ്ടുപോയിരുന്നത്. ഡിഐജി ജയറാം പടിക്കലിനായിരുന്നു ക്യാമ്പിന്റെ ചുമതല. രാജനെ ചോദ്യം ചെയ്തത്, സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അടങ്ങുന്ന സംഘമായിരുന്നു.
പുലിക്കോടന്‍ നാരായണന്റെ നേതൃത്വത്തിള്‍ നടന്ന ക്രൂരമര്‍ദ്ദനത്തിലും ഉരുട്ടലിലും ആണ് രാജന്‍ കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് ക്യാമ്പിള്‍ ഇതേ രീതിയില്‍ പിടിച്ചുകൊണ്ടു വന്ന മറ്റുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ കാര്യത്തിലാണ് ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. രാജന്റെ മൃതദേഹം പൊങ്ങിവരാതിരിക്കാന്‍ വയര്‍ കീറി പുഴയിലിട്ടുവെന്നും, അല്ല പഞ്ചസാരയിട്ട് പൂര്‍ണ്ണമായി കത്തിച്ചുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. അതല്ല മൃതദേഹം ആദ്യം കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് കുഴിച്ചിട്ടെന്നും, പിന്നീട് പുറത്തെടുത്ത് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞ് തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു എന്നൊക്കെ അന്ന് വാദങ്ങളുണ്ടായിരുന്നു.

അടിയന്തിരാവസ്ഥയ്ക്ക് ശേഷം രാജന്റെ അച്ഛന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ച് മകനെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇദ്ദേഹം ഭാര്യ രാധയും മകന്റെ മരണത്തില്‍ ദു:ഖിച്ചാണ് മരണം വരെ കഴിഞ്ഞത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :