ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ട്രയൽ റൺ തുടരും, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, 22 മരണം - വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്‌ച അവധി

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ട്രയൽ റൺ തുടരും, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, 22 മരണം - വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്‌ച അവധി

 rain , kozhikode , മഴ , വെള്ളപ്പൊക്കം , ഇടുക്കി , ജലനിരപ്പ് , മരണം
ഇടുക്കി/കോഴിക്കോട്/വയനാട്| jibin| Last Updated: വ്യാഴം, 9 ഓഗസ്റ്റ് 2018 (20:04 IST)
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 22 മരണം. ഇടുക്കിയില്‍ മാത്രം 10ലേറെ പേര്‍ മരിച്ചു. നാലു പേരെ കാണാതായി. ഇടുക്കി അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ചെറുതോണി അണക്കെട്ട് ഉയര്‍ത്തിയുള്ള ട്രയൽ റൺ നാളെ രാവിലെ ആറു മണിവരെ തുടരും.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,399,58 അടിയാണ് ഇപ്പോഴുള്ളത്. ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് ഗണ്യമായി കുറയാത്ത സാഹചര്യത്തില്‍ കെഎസ്ഇബി അതീവജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്.

കനത്ത തുടരുന്നതിനാല്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. മഴ കനത്തതോടെ സംസ്ഥാനത്തെ 24 അണക്കെട്ടുകള്‍ തുറന്നു.

വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നുറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്. റോഡുകളും പാലങ്ങളും പലേടുത്തും ഒലിച്ചു പോയി.

ഇടുക്കിയില്‍ പത്തിലേറെ പേര്‍ മരിച്ചു. പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടി. അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്ത് പേര്‍ മരിച്ചു. നിലമ്പൂരിനടുത്തുള്ള ചെട്ടിയാമ്പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. വയനാടും ഒരാള്‍ മരിച്ചതായാണ് സൂചന. മടിക്കേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേരെ കാണാതായി. മലപ്പുറത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി. സൈന്യവും ദ്രുതകര്‍മ്മ സേനയും ചേര്‍ന്നാണ് ജനവാസ കേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

വയനാട്ടിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച
അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലൂക്കകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന അവസാന വർഷ‍ ബിഎസ്എംഎസ് ബിരുദ സപ്ലിമെന്‍ററി പരീക്ഷ ഒഴികെയുള്ള എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. എംജി സർവകലാശാല വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്താനിരുന്ന പരീക്ഷകളും ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :