'എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങൾ എവിടെപ്പോയി'? - മോദിക്കെതിരെ മലയാളത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ച് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും

മോദിക്കെതിരെ സിപിഐ‌എം എം പി സമ്പത്ത് മുദ്രാവാക്യം വിളിച്ചു, ഏറ്റുചൊല്ലി കോൺഗ്രസ് നേതാക്കൾ

aparna| Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (09:48 IST)
ലോക്‌സഭയില്‍ മലയാളത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും. സിപിഐഎം എം.പി സമ്പത്തിന്റെ മലയാളത്തിലുള്ള മുദ്രാവാക്യങ്ങളാണ് ഇരുവരും ഏറ്റുവിളിച്ചത്. ആന്ധ്രാ പാക്കേജ് മുന്‍നിര്‍ത്തി പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു സമ്പത്തിന്റെ മുദ്രാവാക്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആയിരുന്നു മുദ്രാവാക്യങ്ങൾ. മോദിയുടെ പ്രസംഗത്തിനിടെയായിരുന്നു സംഭവം. പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാനായിരുന്നു മോദി കൂടുതൽ സമയവും ശ്രമിച്ചത് എന്നത് പ്രതിപക്ഷത്തെ പ്രകോപിതരാക്കി. കോണ്‍ഗ്രസിന്റെ കെസി വേണുഗോപാലാണ് ആദ്യം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്.

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഒന്നരമണിക്കൂറായി നീണ്ടപ്പോള്‍ ഹിന്ദിയിലെ മുദ്രാവാക്യങ്ങള്‍ മതിയായില്ല. ഇതോടെയാണ് മലയാളത്തിൽ മുദ്രാവാക്യങ്ങളുമായി സമ്പത്ത് നടുത്തളത്തിലിറങ്ങിയത്. ‘എവിടെപ്പോയി എവിടെപ്പോയി ആന്ധ്രാ പാക്കേജ് എവിടെപ്പോയി… എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ഇടത് എം.പിമാരായ പി.കരുണാകരന്‍, എം.ബി രാജേഷ്, പി.കെ ശ്രീമതി, പശ്ചിമ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം എന്നിവരും മുദ്രാവാക്യം ഏറ്റുവിളിച്ചു.

തുടര്‍ന്നാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മലയാളത്തില്‍ മുദ്രാവാക്യം ഏറ്റുവിളിച്ചത്. ആദ്യം ഒന്നും പിടികിട്ടിയില്ലെങ്കിലും പിന്നീട് അര്‍ത്ഥം ചോദിച്ച് മനസിലാക്കി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുദ്രാവാക്യം ഏറ്റുവിളിച്ചു. പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരും ഒപ്പം ചേര്‍ന്നു. മുസ്‌ലീം ലീഗിലെ ഇ.ടി മുഹമ്മദ് ബഷീറും കേരള കോണ്‍ഗ്രസിലെ ജോസ്.കെ.മാണിയും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :