ക്വാറി മാഫിയയ്ക്ക് എതിരെ നാട്ടുകാര്‍ അണിനിരന്നു; മാഫിയയ്ക്ക് ഹൈക്കോടതി പൂട്ടിട്ടു

കണ്ണൂര്‍| ജോയ്സ് ജോയ്| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (11:51 IST)
ഒരു നാട് കാവൽ നിൽക്കുകയാണ്. അവരുടെ നാട്ടിൽ വരൾച്ച ഉണ്ടാകാതിരിക്കാൻ, പൊടിപടലങ്ങൾ ഉണ്ടാകാതിരിക്കാൻ, വൻ സ്ഫോടനങ്ങളും ഇടയ്ക്കിടയ്ക്ക് നാടിനെ ഭയപ്പെടുത്തുന്ന ഭൂമികുലുക്കങ്ങളും ഉണ്ടാകാതിരിക്കാൻ. നാടിന്റെ ജീവനാഡിയെ ക്വാറിമാഫിയ കൊണ്ടു പോകാതിരിക്കാൻ കാവൽ നിൽക്കുകയാണ് നാട്ടുകാർ. കണ്ണൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പൈതൽമലയോട് ചേർന്നു കിടക്കുന്ന പുല്ലംവനം, പാലക്കത്തയം തട്ട്, ജാനകിപ്പാറ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളാണ് ക്വാറി മാഫിയയുടെ ഭീഷണി നേരിടുന്നത്.

2010ൽ മേമി ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിനു വേണ്ടി ഏകദേശം 70 ഏക്കറോളം ഭൂമി പുല്ലംവനം മേഖലകളിൽ വാങ്ങിക്കൂട്ടി കൊണ്ടാണ് അവരുടെ പദ്ധതിക്ക് തറക്കല്ലിട്ടത്. 2010 സെപ്‌തംബറിൽ ആയിരുന്നു അന്നത്തെ നടുവിൽ പഞ്ചായത്ത് പ്രസിഡന്റും പ്രസ്തുത വാർഡിലെ പ്രതിപക്ഷ മെമ്പറും ചേർന്നായിരുന്നു സ്ഥലം സന്ദർശിച്ച് ക്രഷർ യൂണിറ്റിനും ക്വാറിക്കും അനുമതി നല്കിയത്. എന്നാൽ, ഇത് തികച്ചും രഹസ്യാത്മകമായിരുന്നു. പ്രദേശവാസികൾ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഈ വിവരം നാട്ടുകാർ അറിഞ്ഞപ്പോഴേക്കും പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ എത്തിയിരുന്നു.

തുടർന്ന് 2010 ഡിസംബറിൽ പുതുതായി വന്ന പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കും ഉൾപ്പെടെ ബന്ധപ്പെട്ട 14 ഡിപ്പാർട്ട്‌മെന്റുകൾക്കും 204 പേർ പേരെഴുതി പ്രദേശത്തിന്റെ മാപ്പോടു കൂടി പരാതി നൽകുകയും 2011 ജനുവരിയിൽ നടന്ന നടുവിൽ പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളിലെ ഗ്രാമസഭകൾ ക്വാറിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഭരണസമിതി ക്വാറിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

എന്നാൽ, ക്വാറി ഉടമകൾ നിരന്തരം ക്വാറിക്ക് ലൈസൻസ് വാങ്ങിയെടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇതിനായി നിരവധി കേസുകളാണ് ക്വാറി മാഫിയ പലയിടങ്ങളിലായി രജിസ്റ്റർ ചെയ്തത്. അവസാനം ക്വാറിക്ക് പഞ്ചായത്ത് ലൈസൻസ് നല്കാത്തതിന് ക്വാറി ഉടമ കേരള ഹൈക്കോടതിയിൽ പരാതി നല്കി. പഞ്ചായത്തും ക്വാറി മാഫിയയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു അത്. അക്കാലം വരെ പഞ്ചായത്തിനു വേണ്ടി വാദിക്കുകയും പഞ്ചായത്തിന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്ന അഭിഭാഷകനെ മാറ്റി പഞ്ചായത്ത് സെക്രട്ടറിയുടെ ബന്ധത്തിലുള്ള അഭിഭാഷകനെ നിയമിച്ചു കൊണ്ടായിരുന്നു പഞ്ചായത്ത് ഹൈക്കോടതിയിൽ കേസിനായി ഹാജരായത്.

ക്വാറിക്ക് അനുമതി നല്കുന്നതിന് ആവശ്യമായ 19 തെളിവുകളുമായി ക്വാറി മാഫിയ ഹൈക്കോടതിയിൽ ഹാജരായപ്പോൾ പഞ്ചായത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഒരു തെളിവ് മാത്രമേ ഹാജരാക്കിയുള്ളൂ. അതു അതീവ ദുർബലമായ ഒരു തെളിവ് മാത്രം. ഹൈക്കോടതിയിൽ പഞ്ചായത്ത് കേസ് തോൽക്കുകയും ക്വാറിക്ക് അനുമതി ലഭിക്കുകയും ചെയ്തു. കേസ് തോൽക്കുകയല്ല തോറ്റു കൊടുക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

2014 ജൂലൈ അഞ്ചു വരെ മാത്രം കാലാവധിയുള്ള ക്വാറിയിംഗ് പെർമിറ്റാണ് ക്വാറിയുടമ കോടതിയിൽ ഹാജരാക്കിയതെന്ന വസ്തുത പോലും പഞ്ചായത്തിന്റെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്നും ഇത് പഞ്ചായത്തും ക്വാറി മാഫിയയും തമ്മിലുള്ള ഒത്തുകളിയുടെ ആഴം വ്യക്തമാക്കുന്നെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. ക്വാറിക്ക് അനുകൂലമായി വിധി വന്നത് ഒരു മാസം കഴിഞ്ഞാണ് പൊതുജനം അറിഞ്ഞത്. വിധിക്കെതിരെ അപ്പീൽ സമർപ്പിക്കേണ്ട സമയം അപ്പോഴേക്കും അതിക്രമിച്ചിരുന്നു.

ഹൈക്കോടതിയിൽ പഞ്ചായത്ത് കേസിൽ പരാജയപ്പെട്ടാൽ ക്വാറിക്ക് ലൈസൻസ് നല്കാമെന്നും പഴി കോടതിയുടെ ചുമലിൽ വെച്ച് ജനങ്ങളുടെ മുമ്പിൽ കൈ കഴുകാമെന്നുമായിരുന്നു പഞ്ചായത്തിന്റെ ധാരണയെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. എന്നാൽ, ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പുല്ലംവനം ക്വാറി വിരുദ്ധ ജനകീയ സമിതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ ഹർജി നൽകി. അഡ്വ കെ എസ് മധുസൂദനൻ മുഖാന്തരം ജനകീയ സമിതി കൺവീനർ ബെന്നി മുട്ടത്തിലാണ് ഹർജി നല്കിയത്. വിധി വന്ന് ഒരു മാസത്തിനു ശേഷം നല്കിയതിനാൽ മാപ്പപേക്ഷയോടു കൂടിയായിരുന്നു ഹർജി സമർപ്പിച്ചത്. നാട്ടുകാരുടെ സമ്മർദ്ദത്തിന് വഴിപ്പെട്ട് പഞ്ചായത്തും അപ്പീൽ സമർപ്പിച്ചിരുന്നു.

പഞ്ചായത്തിന്റെ അപ്പീൽ ഓഗസ്റ്റ് ഏഴിനും ജനകീയ സമിതിയുടെ അപ്പീൽ ഓഗസ്റ്റ് 11നും സ്വീകരിച്ച കോടതി ഓണത്തിനു ശേഷം കേസ് പരിഗണിക്കുന്നതിനായി മാറ്റി വെയ്ക്കുകയായിരുന്നു. സെപ്തംബർ ഒന്നിനു അപ്പീൽ പരിഗണിച്ച കോടതി പാരിസ്ഥിതികാഘാത പഠനത്തിനും മറ്റു പഠനങ്ങൾക്കും ശേഷം മാത്രമേ ക്വാറിക്ക് അനുമതി നല്കാവൂവെന്ന് കോടതി (കേസ് നമ്പർ റിട്ട് അപ്പീൽ 1850/2015) വ്യക്തമാക്കിയിരിക്കുകയാണ്. ഏതായാലും ജനകീയസമിതി പ്രവർത്തകർ ആശ്വാസത്തിലാണ്, തങ്ങളുടെ സമരം താൽക്കാലികമായെങ്കിലും ഫലം കണ്ടതിൽ. ഫേസ്ബുക്കില്‍ സേവ് ഫോറം എന്ന പേരില്‍ ഒരു പേജും സമരസമിതി തുടങ്ങിയിട്ടുണ്ട്.

ക്വാറി മാഫിയയുടെ കൈയില്‍ നിന്ന് നാട്ടിലെ പാറകളെയും
മലനിരകളെയും രക്ഷിക്കാന്‍ ഒരു നാട് മെനക്കെട്ടിറങ്ങിയതും നാട്ടുകാരെ പരാജയപ്പെടുത്താന്‍ മാഫിയ ശ്രമിച്ചതും - വരും ദിവസങ്ങളില്‍ ‘വെബ്‌ദുനിയ’യില്‍ വായിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :