Nilambur By Election 2025: യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല: പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്ന് പി വി അൻവർ

എല്‍ഡിഎഫുമായി ചര്‍ച്ച നടത്താന്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്ന് പി.വി അൻവർ

നിഹാരിക കെ.എസ്| Last Modified ശനി, 31 മെയ് 2025 (11:59 IST)
മലപ്പുറം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പി.വി അൻവർ. യുഡിഎഫിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നുമാണ് അൻവർ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കിയ അൻവർ, വിശ്വാസവഞ്ചന നടത്തിയ ആ സംവിധാനത്തിലേക്ക് ഇനി താനില്ല എന്നാണ് പറയുന്നത്. എല്ലാം താന്‍ ഏറ്റെന്നാണ് അദ്ദേഹം പറയുന്നത്. എന്നെ യുഡിഎഫില്‍ എടുക്കാത്തതിന് പിന്നില്‍ ഗൂഢശക്തികളുണ്ടെന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതാണെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. മത്സരിക്കാന്‍ കോടിക്കണക്കിന് രൂപ വേണം. 97 എംഎല്‍എമാരും മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരും എംപിമാരും അവിടെ വരാന്‍ പോകുകയാണ്. യുഡിഎഫിന്റെ 42 എംഎല്‍എമാരും അവരുടെ എംപിമാരും മറ്റ് സംവിധാനങ്ങളും. അവര്‍ കോടികള്‍ പൊടിക്കുന്നത് ചേലക്കരയില്‍ ഞാന്‍ കണ്ണുകൊണ്ട് കണ്ടതാണ്. ഒരു ബൂത്തില്‍ നാലും അഞ്ചും ലക്ഷമാണ് ചെലവാക്കിയത്.
മരുമോന്റെ സംഘം കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ഇങ്ങോട്ടു വരും. അതേപേലെ പ്രതിപക്ഷ നേതാവിന്റെ ഒരു സംഘവും ഇങ്ങോട്ടും വരും. ഇവരങ്ങ് ഇടിച്ചു തമിതിര്‍ത്ത് പോകുവല്ലേയെന്ന് പി വി അന്‍വര്‍ പറഞ്ഞു.

എല്‍ഡിഎഫുമായി ചര്‍ച്ച നടത്താന്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഭൂരിപക്ഷം കണ്ട് ഭയപ്പെടരുത്, നീ നീതിക്കുവേണ്ടി നിലകൊള്ളണം എന്നാണ് ഖുറാനായാലും ബൈബിളായാലും മറ്റു മതങ്ങളുടെ ഗ്രന്ഥമായാലും പരിശോധിച്ചാല്‍ കാണാം. ഭൂരിപക്ഷത്തെ കണ്ടിട്ട് ഭയപ്പെട്ട് നാളത്തെ അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി, പിണറായിസത്തിനെതിരെ, ഈ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പോരാട്ടത്തില്‍ നിന്നും തല്‍ക്കാലം പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അൻവർ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :