പുനലൂരില്‍ ഹാട്രിക് കരസ്ഥമാക്കാന്‍ സി പി ഐ സ്ഥാനാര്‍ത്ഥി അഡ്വ.രാജു

പുനലൂരില്‍ ഹാട്രിക് കരസ്ഥമാക്കാന്‍ സി പി ഐ സ്ഥാനാര്‍ത്ഥി അഡ്വ.രാജു

പുനലൂര്, സി പി ഐ, യു ഡി എഫ് punalur, CPI, UDF
പുനലൂര്| സജിത്ത്| Last Modified ചൊവ്വ, 3 മെയ് 2016 (10:12 IST)
മേയ് പതിനാറിനു നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വിജയിച്ചാല്‍ തുടര്‍ച്ചയായി പുനലൂരിനെ പ്രതിനിധീകരിച്ച് മൂന്നു തവണ - ഹാട്രിക് - എന്ന നേട്ടമുണ്ടാക്കാം എന്ന തിരിച്ചറിവോടെ ശക്തമായി തന്നെ മത്സര രംഗത്തുണ്ട് നിലവിലെ എം എല്‍ എ ആയ സി പി ഐയുടെ സ്ഥാനാര്‍ത്ഥി അഡ്വ. കെ രാജു. എന്നാല്‍ അതിനു യാതൊരു സാദ്ധ്യതയും ഉണ്ടാവില്ല എന്ന ഉറച്ച തീരുമാനത്തിലാണ് യു ഡി എഫിനെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഡോ എ യൂനൂസ് കുഞ്ഞ്. ഇവര്‍ക്കൊപ്പം തന്നെ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ
കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.സിസില്‍ ഫെര്‍ണാണ്ടസ്.

2006 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി പുനലൂരില്‍ മത്സരിക്കാനെത്തിയ അഡ്വ.കെ രാജു പുനലൂര്‍കാര്‍ക്ക് പുതുമുഖമായ സി എം പി യുടെ സാക്ഷാല്‍ എം വി രാഘവനെ എണ്ണായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ ആദ്യമെത്തിയത്. തുടര്‍ന്ന് 2011 ആയപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ അഡ്വ.ജോണ്‍സണ്‍ എബ്രഹാമിനെ 18000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. രാജു 72648 വോട്ടു നേടിയപ്പോള്‍ ജോണ്‍സണ്‍ എബ്രഹാം 54643 വോട്ടു നേടി. എന്നാല്‍ ആ സമയത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയായ രാധാമണിക്ക് 4155 വോട്ടു മാത്രമാണു നേടാന്‍ കഴിഞ്ഞത്.

ഇത്തവണ ഹാട്രിക് നേടുമെന്ന അഡ്വ.രാജുവിന്‍റെ വിശ്വാസത്തിനു ബദലായാണ് കുറേ താമസിച്ചെങ്കിലും വിദ്യാഭ്യാസ രംഗത്തും കശുവണ്ടി വ്യവസായ രംഗത്തും തനത് വ്യക്തിമുദ്ര പതിപ്പിച്ച കൊല്ലം ജില്ലക്കാരന്‍ തന്നെയായ ഡോ.യൂനൂസ് കുഞ്ഞിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. കക്ഷി ഭേദമന്യേ മുസ്ലീം ലീഗും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും യു.ഡിഎഫ് എന്ന നിലയില്‍ ഒറ്റക്കെട്ടായി തന്നെയാണ് രാജുവിന്‍റെ ഹാട്രിക് മോഹത്തിനു തടയിടാനും മണ്ഡലം തിരിച്ചു പിടിക്കാനും തയ്യാറായിരിക്കുന്നത്. എന്നാല്‍ ഹാട്രിക് വിജയം ഉറപ്പിക്കാന്‍ തന്നെയാണ് സി പി ഐ, സി പി എം ഘടകങ്ങള്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്നത്.

രാജു കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇവര്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏറെ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്ന കാര്യം. മോദി തരംഗം തന്നെ തുണയ്ക്കും എന്ന് തന്നെയാണ് സിസില്‍ ഫെര്‍ണാണ്ടസും കൂട്ടരും കരുതുന്നത്. എന്തായാലും മേയ് പതിനാറിനു കാണാം എന്ന രീതിയിലാണ് പുനലൂരിലെ ജനതയും, കാത്തിരുന്നു കാണാം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :