പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആക്രമണ ഭീഷണി ഉയരുന്നു? കുമ്മനത്തിനും കെ സുരേന്ദ്രനും 'വൈ കാറ്റഗറി' സുരക്ഷ

സംസ്ഥാന സർക്കാരിനെതിരെ ബി ജെ പി ഉന്നയിച്ച ആരോപണം ശരിവെച്ച് കേന്ദ്ര സർക്കാർ

aparna shaji| Last Modified തിങ്കള്‍, 16 ജനുവരി 2017 (12:06 IST)
കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് വിഐപി വിഭാഗത്തില്‍പെട്ടവര്‍ക്ക് നല്‍കുന്ന വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ നല്‍കുക. അധികാരത്തിലേറ്റ ശേഷം ആക്രമണ ഭീഷണി ഉയരുന്നു എന്ന് കാണിച്ച് ബി ജെ പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രത്തിന്റെ സുരക്ഷ.

ഒരു വര്‍ഷത്തിടയില്‍ കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ 400ലേറെ തവണ ആക്രമണം ഉണ്ടായതായി ബി ജെ പി കേരള ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് ഒരാള്‍ക്ക് 12 സുരക്ഷാഭടന്മാരുടെ പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

സിആര്‍പിഎഫ് ഭടന്മാരാണ് കുമ്മനനവും സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയ്ക്കായി എത്തുക. ഇവര്‍ എപ്പോള്‍ മുതല്‍ സുരക്ഷ നല്‍കുമെന്ന് വ്യക്തമല്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ പഞ്ചാബിലെ നാല് ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര ഇതേ രീതിയില്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :