രഷ്‌ട്രീയപ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. രണ്ടു പേര്‍ക്കെതിരെ കേസ്

തൃശൂര്‍| JOYS JOY| Last Updated: ശനി, 29 ഓഗസ്റ്റ് 2015 (10:37 IST)
സംസ്ഥാനത്ത് കാസര്‍കോഡും തൃശൂരുമായി രാഷ്‌ട്രീയപ്രവര്‍ത്തകരുടെ കൊലപാതകം. തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകനായ വെള്ളിക്കുളങ്ങര സ്വദേശി അഭിലാഷ് (31) ആണ് തിരുവോണ ദിവസം വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാന്റോ, ജിത്തു എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ബി ജെ പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെള്ളിക്കുളങ്ങരയില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയായിരുന്നു.

അതേസമയം, സി പി എം പ്രവര്‍ത്തകന്‍ കാസര്‍കോഡ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാലിച്ചാനടുക്കം കായക്കുന്നിലെ പുഷ്പന്‍, ശ്രീനാഥ് എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. കോടോബേളൂര്‍ സ്വദേശി സി നാരായണന്‍ (45) ആയിരുന്നു കാസര്‍കോഡ് ഇന്നലെ കുത്തേറ്റ് മരിച്ചത്.

അതേസമയം, ചെങ്ങന്നൂരില്‍ ഓണാഘോഷത്തിനിടെ യുവാവ് വെട്ടേറ്റു മരിച്ചു. ഇരുപത്തിരണ്ടുകാരനായ സിജു ആണ് വെട്ടേറ്റ് മരിച്ചത്. സ്ഥലത്തെ ക്ലബിന്റെ ഓണാഘോഷത്തിനിടെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഘര്‍ഷം. പിടിച്ചുമാറ്റാന്‍ ചെന്ന രണ്ടുപേര്‍ക്കും വെട്ടേറ്റു. പുറകു ഭാഗത്ത് വെട്ടേറ്റ ഇവരുടെ നില ഗുരുതരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :