10 ലക്ഷത്തിന്‍റെ കള്ളനോട്ടുമായി 2 പേര്‍ അറസ്റ്റില്‍

കള്ളനോട്ട് കൈവശം വെച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (14:15 IST)
പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം പള്ളിപ്പുറത്തുശേരി ഭൂതനേഴം ചെട്ടിയാം വീട്ടില്‍ അനീഷ് (38), വടയാര്‍ ആമ്പങ്കേരിത്തറ ഷിജു (41) എന്നിവരാണു പിടിയിലായത്.

അനീഷിനെയാണു ആദ്യം പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച മല്ലപ്പള്ളി ടൌണില്‍ വച്ച് വെളുപ്പിനു ഒന്നരയോടെയാണു 6.10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഇയാളെ പിടിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു തലയോലപ്പറമ്പില്‍ നിന്ന് ഷിജുവിനെ പിടിച്ചത്.

തലയോലപ്പറമ്പിലുള്ള ദേവി ഓട്ടോമൊബൈല്‍സില്‍ ഒളിച്ചു സൂക്ഷിച്ചിരുന്ന 2.87 ലക്ഷത്തിന്‍റെ കള്ളനോട്ടും
അനീഷിന്‍റെ സ്ഥാപനത്തില്‍ ഒളിപ്പിച്ചിരുന്ന 39000 രൂപയുടെ കള്ളനോട്ടും പൊലീസ് കണ്ടെടുത്തു. ഇതിനൊപ്പം ഒരു ലാപ്ടോപ്പ്, പ്രിന്‍റര്‍, മഷി എന്നിവയും പിടിച്ചെടുത്തു.

ഇതിനു മുമ്പ് ഒരു കള്ളനോട്ടുകേസില്‍ രണ്ട് മലയാളികള്‍ക്കൊപ്പം അനീഷ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആയിരത്തിന്‍റെ നോട്ടുകളാണ് ഇവര്‍ അച്ചടിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ടുകളാണ് ഇവര്‍ വിതരണം ചെയ്തത് എന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പ് പന്തളത്തു നിന്നും തമിഴ്നാട് സ്വദേശിയില്‍ നിന്ന് കള്ളനോട്ടുകള്‍ കണ്ടെടുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :