നേരത്തെ സംശയിച്ചതുപോലെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു, അന്‍വറിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്നു: മുഖ്യമന്ത്രി

ഇന്നലെയാണ് അന്‍വര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്

PV Anvar and Pinarayi Vijayan
PV Anvar and Pinarayi Vijayan
രേണുക വേണു| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (11:35 IST)

പി.വി.അന്‍വര്‍ സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ച തുടക്ക ഘട്ടത്തില്‍ തന്നെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും ആ സംശയങ്ങള്‍ക്കെല്ലാം ഇപ്പോള്‍ വ്യക്തതയായെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

' തുടക്കത്തില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ എന്താണ് അതിന്റെ പിന്നിലെന്ന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും എംഎല്‍എ എന്ന നിലയ്ക്കു അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനിച്ചത്. അന്വേഷിക്കാവുന്നതില്‍ ഏറ്റവും മികച്ച സാധ്യതകള്‍ തന്നെ തേടി. അതിലും തൃപ്തനല്ല എന്ന് അദ്ദേഹം ഇപ്പോള്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ സംശയിച്ചതു പോലെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അന്‍വറിന്റെ ഉദ്ദേശം വ്യക്തമാണ്. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അന്‍വര്‍ പറയുന്നത് കേട്ടു. എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നു. എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണങ്ങളാണ് അവയെല്ലാം. അതേസമയം നേരത്തെ പ്രഖ്യാപിച്ച അന്വേഷണങ്ങളെല്ലാം നിഷ്പക്ഷമായി തന്നെ നടക്കും,' മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെയാണ് അന്‍വര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സിപിഎമ്മിന്റെ സ്വതന്ത്ര എംഎല്‍എയാണ് അന്‍വര്‍. നിരന്തരമായി അച്ചടക്കലംഘനം നടത്തിയ സാഹചര്യത്തിലാണ് അന്‍വറിനെ പുറത്താക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക തീരുമാനം ഉടന്‍ പ്രഖ്യാപിക്കും. സിപിഎം സ്വതന്ത്ര എംഎല്‍എ എന്ന നിലയില്‍ അന്‍വറിനു ഇനി നിയമസഭയില്‍ ഇരിക്കാന്‍ സാധിക്കില്ല. അതേസമയം എല്‍ഡിഎഫിനോ യുഡിഎഫിനോ ഒപ്പമായിരിക്കില്ല താനെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് എന്ന നിലയില്‍ തുടരുമെന്നുമാണ് അന്‍വറിന്റെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :