ബ്ലുവെയിലിനു പിന്നാലെ മൊമോ: കുട്ടികൾ ഇത്തരം ഗെയിമുകൾ കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി

Sumeesh| Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (18:26 IST)
ബ്ലുവെയിലിനു പിന്നാലെ പ്രചരിക്കുന്ന കൊലയാളി ഗെയിം മൊമോയെ കുറിച്ച് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ഗെയിമുകൾ കുട്ടികൾ കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ആദ്യകാഴ്ചയിലെ രൂപവും കുട്ടികളിൽ നിഷേധാത്മക ചിന്തകൾ ഉണർത്തുകയും തുടർന്നവർ ദേഹത്തു മുറിവുകൾ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്‌ധർ പറയുന്നത്. കുട്ടികൾ ഇത്തരം ഗെയിമുകൾ കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ എല്ലാ രക്ഷിതാക്കളോടും ആവശ്യപ്പെടുന്നു എന്ന് അദ്ദേഹം ഫെയിസ്ബുക്കിൽ കുറിച്ചു.

ഫെയിസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

നിരവധി കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയ ബ്ലൂവെയിൽ ഗെയിമിനു ശേഷം സമാന സ്വഭാവ വിശേഷങ്ങളോട് കൂടിയ മറ്റൊരു ഗെയിം പ്രചരിക്കുന്നതായി സൈബർ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. വാട്സാപ്പ് വഴിയാണ് മോമൊ എന്ന ഈ കളി പ്രചരിക്കുന്നത്. കുട്ടികളുടെ ജീവനു തന്നെയാണ് ഇവിടെയും വെല്ലുവിളി.

ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രമാണ്
മോമൊ എന്ന കളിയിലുള്ളത്. നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാൻ പറഞ്ഞുതരാം എന്നു പറഞ്ഞു കൊണ്ട് കളിയാരംഭിക്കുന്നത് കളിയിലേക്ക് ആളുകളെ ആകർഷിക്കാനാണ്. ഇതുവരെ നിരവധിപേർ ഈ ഗെയിമുമായി മുന്നോട്ട് പോകുന്നെണ്ടെന്നാണ് അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളിയുടെ ഗുരുതരമായ വശങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പല മാനസികാരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു. കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളിൽ നിഷേധാത്മക ചിന്തകൾ ഉണർത്തുകയും തുടർന്നവർ ദേഹത്തു മുറിവുകൾ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്‌ധർ പറയുന്നത്. കുട്ടികൾ ഇത്തരം ഗെയിമുകൾ കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ എല്ലാ രക്ഷിതാക്കളോടും ആവശ്യപ്പെടുന്നു. മൊബൈലിന്റേയും ഇന്റർനെറ്റിന്റെയും ലോകത്ത് നമ്മുടെ കുട്ടികൾ ശരിയായ ദിശയിലാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നമ്മുടെ സമൂഹത്തിനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :