കേന്ദ്രം വിലകുറയ്ക്കും കേരളം വിലകൂട്ടും!

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (13:43 IST)
സാമ്പത്തിക പ്രതിസന്ധിയില്ല സാമ്പത്തിക ഞെരുക്ക മാത്രമേയുള്ളു എന്ന് ധനമന്ത്രി കെ‌എം മാണി പറഞ്ഞപ്പോള്‍ പാവം മലയാളികള്‍ നികുതി കൂട്ടി ഇത്രക്കങ്ങ് ദ്രോഹിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ സംഭവം അവിടംകൊണ്ട് തീരുന്നില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുനില്‍ക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഡീസലിനും പെട്രോളിനും വിലകുറയ്ക്കാന്‍ തീരുമാനിക്കുന്നതിനിടെ കേരളം ഇവക്ക് ഒരുരൂപ സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടൂകള്‍ പുറത്തു വന്നു. ഫലത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനുദ്ദേശിക്ക് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടിയുടെ ആനുകൂല്യം കേരളത്തിലെ പ്രജകള്‍ക്ക് ലഭിക്കുകയില്ല.

പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപവീതം സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും സര്‍ക്കാര്‍ വൈകാതെ കൈക്കൊള്ളും. ഇതുസംബന്ധിച്ച് ധനവകുപ്പിന്റെ നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലകുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കേന്ദ്രം വില കുറയ്ക്കുമ്പോള്‍ ഇവിടെ സെസ് ഏര്‍പ്പെടുത്താനാണ് നീക്കം. കേന്ദ്രം വിലകുറച്ചതിന്റെ ആനുകൂല്യം ജനത്തിന് കിട്ടില്ലെങ്കിലും കൂടുതല്‍ നല്‍കേണ്ടി വരില്ല എന്നതുകൊണ്ടാണ് കേന്ദ്രം വില കുറയ്ക്കാന്‍ കാത്തിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പമാണ് ഇതും ധനവകുപ്പ് സര്‍ക്കാരിന് നല്‍കിയിരുന്നത്.

ഡീസലിനും പെട്രോളിനും ഒരു രൂപവീതം സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ ഈ സാമ്പത്തിക വര്‍ഷം 400 കോടി രൂപയിലധികം വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. റോഡ് അറ്റകുറ്റപ്പണിക്ക് ആവശ്യമായ തുക സമാഹരിക്കാന്‍ ഡീസലിന് ഒരു രൂപ സെസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പ് നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ധനവകുപ്പ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :