മാല മോഷണം പോയിട്ടില്ല, വീട്ടുജോലിക്കാരിയെ കുടുക്കാന്‍ പൊലീസ് കഥ മെനഞ്ഞു; പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍

പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസ് നുണക്കഥ മെനഞ്ഞെന്നും ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

Peroorkada fake case Kerala Police
Thiruvananthapuram| രേണുക വേണു| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (09:45 IST)

തിരുവനന്തപുരം പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ്. വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെ പ്രതിയാക്കാന്‍ പൊലീസ് കഥ മെനഞ്ഞതായി ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. വ്യാജ മോഷണക്കേസില്‍ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തല്‍.

പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസ് നുണക്കഥ മെനഞ്ഞെന്നും ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറവി പ്രശ്‌നമുള്ള ഓമന ഡാനിയല്‍ സ്വര്‍ണമാല സ്വന്തം വീട്ടിലെ സോഫയ്ക്കു താഴെവെച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.

കാണാതായെന്നു പറയുന്ന മാല പിന്നീട് ഓമന ഡാനിയല്‍ തന്നെയാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ മാല വീടിന്റെ പിന്നിലെ ചവര്‍ കൂനയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന പേരൂര്‍ക്കട പൊലീസിന്റെ വാദം നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാന്‍ പൊലീസ് മെനഞ്ഞ കഥയാണ് ചവര്‍ കൂനയില്‍ നിന്നും മാല കണ്ടെത്തിയെന്നത്. ബിന്ദുവിനെ അന്യായമായി സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശിവകുമാറും അറിഞ്ഞിരുന്നെന്നും രാത്രിയില്‍ ശിവകുമാര്‍ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയില്‍ വ്യക്തമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷണക്കേസില്‍ സ്ത്രീയെ കുടുക്കാന്‍ ശ്രമിച്ച പേരൂര്‍ക്കട എസ്.എച്ച്.ഒ ശിവകുമാര്‍, വീട്ടുടമസ്ഥ ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :