പത്തനംതിട്ട ജില്ലയില്‍ 5.64 കോടി രൂപയുടെ കൃഷി നാശം

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2020 (11:05 IST)
പത്തനംതിട്ട
ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ വ്യാപക കൃഷി നാശം. ഇതുവരെ കൃഷി നാശം മൂലം 5,64,89000 രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കി യിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില മാത്യു അറിയിച്ചു. 160.01 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നശിച്ചിട്ടുള്ളത്. ജില്ലയിലെ 3845 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്.

റബര്‍, വാഴ, തെങ്ങ്, നെല്ല്, പച്ചക്കറി, കുരുമുളക്, കിഴങ്ങു വര്‍ഗങ്ങള്‍, വെറ്റിലക്കൊടി, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, കൊക്കോ, കരിമ്പ്, ജാതി എന്നീ വിളകളാണ് നശിച്ചിട്ടുള്ളത്. ജില്ലയില്‍ പ്രധാനമായും പന്തളം, തോന്നല്ലൂര്‍, ആറന്മുള, കുളനട, മെഴുവേലി, തുമ്പമണ്‍, തെക്കേക്കര, മല്ലപ്പുഴശേരി, ചെറുകോല്‍, കോയിപ്രം, പുറമറ്റം, നിരണം, മല്ലപ്പള്ളി, കോട്ടാങ്ങല്‍, കല്ലൂപ്പാറ, കുന്നന്താനം, ഏനാദിമംഗലം, കൊടുമണ്‍, കോന്നി, മൈലപ്ര, പ്രമാടം, വള്ളിക്കോട്, റാന്നി അങ്ങാടി, പഴവങ്ങാടി, വടശേരിക്കര, തോട്ടമണ്‍, പെരിങ്ങര എന്നീ പഞ്ചായത്തുകളെയാണ് കൃഷിനാശം സാരമായി ബാധിച്ചിട്ടുള്ളത്.

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതു മൂലം വിളകള്‍ വെള്ളത്തിനടിയിലാണെന്ന് കൃഷി ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൃഷി വകുപ്പിന്റെ പന്തളം, പുല്ലാട്, ഫാമുകളിലെ കൃഷിയും വെള്ളത്തിനടിയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :