കൂറ് മാറി; പഞ്ചായത്ത് പ്രസിഡന്‍റിനേയും വൈസ് പ്രസിഡന്‍റിനേയും അയോഗ്യരാക്കി

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (15:58 IST)
കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിനു മലപ്പുറം ജില്ലയില്‍ ചേലമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കം അഞ്ചംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യരാക്കി. മുന്‍ പഞ്ചായത്ത് പ്രസിഡന്റായ കെ.പി. ഷാഹിന നല്‍കിയ ഹര്‍ജിയിലാണ് പ്രസിഡന്റ് കെ.കെ. സുഹ്‌റ, വൈസ് പ്രസിഡന്റ് കെ.പി. രഘുനാഥന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജമീലാ ഹുസൈന്‍, അംഗങ്ങളായ പി.നൗഷദ് അലി, ദില്‍ജ എന്നിവരെ അയോഗ്യരാക്കിയത്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ യു.ഡി.എഫിന് പന്ത്രണ്ടും എല്‍.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു. തുടര്‍ന്ന് മുസ്ലീം ലീഗിലെ കെ.പി. ഷാഹിന പ്രസിഡന്റും കോണ്‍ഗ്രസിലെ കെ.പി. ദേവദാസ് വൈസ് പ്രസിഡന്റുമായി. എന്നാല്‍ ഈവര്‍ഷം ഏപ്രിലില്‍, കൂറുമാറിയ അഞ്ചംഗങ്ങള്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും പുറത്താക്കി.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയോടെ കെ.കെ. സുഹ്‌റ പ്രസിഡന്റും കെ.പി. രഘുനാഥന്‍ വൈസ് പ്രസിഡന്റുമായി. യു.ഡി.എഫ് ടിക്കറ്റില്‍ ജയിച്ച ശേഷം എതിര്‍ മുന്നണിക്കൊപ്പം ചേര്‍ന്ന് സ്വന്തം പാര്‍ട്ടി അംഗങ്ങളെ അവിശ്വാസ പ്രമേയത്തിലൂടെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കുകയും, അവരുടെ പിന്തുണയോടെ മത്സരിച്ച് വിജയിക്കുകയും ചെയ്ത നടപടി കൂറുമാറ്റമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ അഞ്ചു പേരേയും അയോഗ്യരാക്കി. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇവരെ ആറു വര്‍ഷത്തേയ്ക്ക് വിലക്കിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :