ജയരാജനെ വേട്ടയാടിയത് ചെന്നിത്തലയുടെ പൊലീസ്; കുടുക്കിയത് ആര്‍എസ്എസ്, സാഹചര്യം മുതലാക്കാന്‍ സിപിഎം

 പി ജയരാജന്‍ , സിപി എം , കതിരൂര്‍ മനോജ് വധക്കേസ് , യുഎപിഎ
കണ്ണൂര്‍/തിരുവനന്തപുരം| ജിയാന്‍ ഗോണ്‍സാലോസ്| Last Updated: വെള്ളി, 12 ഫെബ്രുവരി 2016 (15:09 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ തലശേരി സെഷന്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡ് വരിക്കുകയും
ചെയ്‌ത സിപിഎം ജില്ലാസെക്രട്ടറി പി ജയരാജനും സിപിഎമ്മും സ്വീകരിച്ചത് പുതിയ അടവുനയം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ സിബിഐ അറസ്‌റ്റ് ഉണ്ടായേക്കാം എന്ന നിഗമനമാണ് കീഴടങ്ങലിന് ആധാരമായത്. എന്നാല്‍ ഈ നിക്കം സിപിഎം വ്യക്തമായി ഗൃഹപാഠം ചെയ്‌തെടുത്ത തന്ത്രമായിരുന്നു.

കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാകുബോള്‍ സിപിഎം നേതാക്കള്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പരിഹാസവും കത്തിനില്‍ക്കെയാണ് പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്. കീഴടങ്ങിയ ശേഷം നിയമപോരാട്ടം തുടരാനും സുപ്രീംകോടതിയെ സമീപീക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ സുപ്രധാനമായ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി റിമാന്‍ഡിലായ സാഹചര്യം സിപിഎം മുതലെടുക്കും.

രാഷ്ട്രീയകേസുകളില്‍ ആദ്യമായി ചുമത്തുന്നത് കതിരൂര്‍ മനോജ് കൊലപാതകത്തിലാണെന്നതാണ് സവിശേഷത. കണ്ണൂരില്‍ സിപിഎമ്മിനെ തളര്‍ത്തുക എന്ന ലക്ഷ്യം കോണ്‍ഗ്രസിനും തങ്ങളുടെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ വൈരാഗ്യം ബിജെപിക്കും പ്രത്യേകിച്ച് ആര്‍എസ്എസിനുമുണ്ടായിരുന്നു. തുടര്‍ന്നാണ് ഭീകരവാദ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തപ്പെട്ട ജയരാജന്‍ കേസിലെ 25മത് പ്രതിയായത്. യുഎപിഎ ചുമത്താന്‍ ആര്‍എസ്എസും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തുടക്കം മുതല്‍ ശ്രമിക്കുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൌനാ‍നുവാദം ലഭിക്കുകയും ചെയ്‌തതോടെയാണ് പി ജയരാജന് കുരുക്ക് മുറുകിയത്.


പി ജയരാജനെതിരെ സംസ്ഥാന സര്‍ക്കാര്‍ തണുപ്പന്‍ നയം സ്വീകരിക്കുമെന്ന തോന്നലും തെരഞ്ഞെടുപ്പും അടുത്തതോടെയാണ്

ആര്‍എസ്എസ് കളത്തിലിറങ്ങിയത്. ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് കത്തെഴുതുകയും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതോടെ സിബിഐ പ്രവര്‍ത്തനം വേഗത്തിലാക്കുകയുമായിരുന്നു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തിളക്കമാര്‍ന്ന വിജയത്തിന് ചുക്കാന്‍പിടിച്ച ജയരാജന്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജയിലില്‍ കഴിയേണ്ടിവരുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നുറപ്പാണ്. ജയരാജന്‍ റിമാന്‍ഡിലായത് എതിരാളികളുടെ നീക്കത്തിനൊടുവിലാണെന്നാകും സി പി എം തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുക. അദ്ദേഹത്തിനെതിരെ
ഒന്നിനുപിറകെ മറ്റൊന്നായി കേസുകളില്‍ കുടുക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം പ്രതികരിക്കുകയും തെരഞ്ഞെടുപ്പില്‍ സംസ്ഥാനമാകെ വ്യക്തമാക്കുകയും ചെയ്യും.

ഗൂഢാലോചനയില്‍ യുഡിഎഫിന് പങ്കുണ്ടെന്നും സിപിഎം ആരോപിക്കുമെന്ന് ഉറപ്പാണ്. ജയരാജനെ കുടുക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷാക്ക് അയച്ച കത്ത് പുറത്തായതും അവര്‍ ഉപയോഗപ്പെടുത്തും. ഈ സന്ദേശമുയര്‍ത്തി ജില്ലയിലുടനീളം വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ തയാറെടുക്കുകയാണ്.

ഈ അവസരം മുതലെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ജയരാജനെ റിമാന്‍ഡിന് വിട്ടപ്പോള്‍ വിഷയം അണികള്‍ വൈകാരികമായി എടുക്കാതിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ജയരാജന്റെ റിമാന്‍ഡ് ആയുധമാക്കി എതിരാളികളെ ആക്രമിക്കാനാണ് പാര്‍ട്ടി തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :