മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് ആക്രമണം; രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി

ഒറ്റപ്പാലം കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്

ആര്‍എസ്എസ് , മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം , ബിജെപി , സിപിഎം
പാലക്കാട്| jibin| Last Modified വ്യാഴം, 16 ജൂണ്‍ 2016 (09:34 IST)
ഒറ്റപ്പാലത്ത് മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കീഴടങ്ങി. ആര്‍എസ്എസ് ജില്ലാ പ്രചാരകരായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, വാടാനക്കുറിശി സ്വദേശി സുമേഷ് എന്നിവരാണ് കീഴടങ്ങിയത്. ഒറ്റപ്പാലം കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്.

കഴിഞ്ഞദിവസം കോടതിവളപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. തുടര്‍ന്ന് ആക്രമണം നടത്തിയ ആർഎസ്എസ് ജില്ലാ പ്രചാരക് വിഷ്ണു ഉൾപ്പെടെ മൂന്നു പേർക്കെതിരെ സംഭവത്തിൽ വധശ്രമത്തിനു പൊലീസ് കേസെടുത്ത് തെരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്. സുബ്രഹ്മണ്യന്‍, മോനു എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

ചൊവ്വാഴ്‌ച ഒറ്റപ്പാലം കോടതി വളപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചു വിട്ടത്. മാധ്യമ പ്രവര്‍ത്തകരെ കഴുത്തിനു പിടിച്ചു മര്‍ദ്ദിക്കുകയും ക്യാമറ അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഒരു എംഎല്‍എ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്‌തിട്ടുണ്ടെന്നും തീര്‍ത്തു കളയുമെന്നുമായിരുന്നു കൊലവിളി.

നെല്ലായില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച കേസിലും പ്രദേശത്ത് ആക്രമം അഴിച്ചു വിട്ട കേസിലും പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുന്നതിന് എത്തിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :