ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ നിർദ്ദേശിച്ചിട്ടില്ല: മുഖ്യമന്ത്രി

 എപിജെ അബ്ദുൾ കലാം , ഫേസ്‌ബുക്ക് , ജിജി തോംസണ്‍ ,  മുഖ്യമന്ത്രി ഉമ്മൻചാണ്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 29 ജൂലൈ 2015 (11:30 IST)
തിങ്കളാഴ്ച അന്തരിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനോടുള്ള ആദര സൂചകമായി ഞായറാഴ്ച സർക്കാർ ഓഫീസുകളും സ്കൂളുകളും പ്രവൃത്തി ദിനമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതു സംബന്ധിച്ച് ജിജി തോംസൺ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ഡോ എപിജെ അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച സർക്കാർ ഓഫിസുകളും സ്കൂളുകളും തുറന്ന് പ്രവർത്തിക്കുമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി പോസ്റ്റ് പിന്‍വലിച്ചത്.

വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു പോസ്റ്റ് ഫേസ്‌ബുക്കില്‍ ഇട്ടതെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറയുകയും ബഹളം വെക്കുകയും ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പോസ്റ് പിന്‍വലിക്കുകയായിരുന്നു.

കഴിഞ്ഞ രാത്രിയാണ് വരുന്ന ഞായറാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്. തന്റെ മരണദിവസം അവധി പ്രഖ്യാപിക്കരുതെന്നും നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ അധികമായി ഒരു ദിവസം പ്രവർത്തിക്കണമെന്നും കലാം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകളോട് ആഭിമുഖ്യം പ്രഖ്യാപിച്ചു കേരളത്തിലെ പല സ്ഥാപനങ്ങളും അധികസമയം ജോലി ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :