സേവനങ്ങള്‍ വേഗത്തിലെത്തിക്കുന്നതില്‍ വിജയം : മുഖ്യമന്ത്രി

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 7 ജൂലൈ 2015 (18:12 IST)
സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയം കാണുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ ലളിതമാക്കേണ്ടിവരുന്നുവെങ്കില്‍ അക്കാര്യംകൂടി കാര്യക്ഷമമായി പരിഹരിച്ച്‌വേണം മുന്നോട്ടുപോകാന്‍. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റും. കംപ്യൂട്ടറിനോട് പിന്‍തിരിഞ്ഞ് നിന്ന ചില നിലപാടുകള്‍മൂലം കേരളം ഒരുപാട് പിന്നോട്ട് പോയി. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകം ഇക്കാര്യത്തില്‍ ഏറെ മുന്നിലായി. കമ്പ്യൂട്ടര്‍ അധിഷ്ഠിത സാമ്പത്തിക വരുമാനത്തില്‍ കര്‍ണ്ണാടകം കേരളത്തെക്കാള്‍ വളരെ മുന്നിലാണ്. ഈ അവസ്ഥ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തില്‍ ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളുടെ നിശബ്ദ വിപ്ലവമാണ് നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ സാമൂഹ്യനീതി മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. ഇനി മുതല്‍ എല്ലാ മാസവും അഞ്ചിനകം പെന്‍ഷന്‍ തുക അക്കൗണ്ടിലേക്ക് എത്തും. കുടിശിക തുക സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പെന്‍ഷനൊപ്പം ഘട്ടം ഘട്ടമായും നല്‍കും. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി ഇനിമുതല്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കും - മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :