jibin|
Last Updated:
തിങ്കള്‍, 1 ഫെബ്രുവരി 2016 (16:04 IST)
സിഡികളും അനുബന്ധ തെളിവുകളും സോളാര്‍ കമ്മീഷന് മുമ്പാകെ സരിത എസ് നായര്‍ സമര്‍പ്പിച്ചു. മൂന്ന് സീഡികളും ഒരു കത്തുമാണ് സരിത കമ്മീഷനില്‍ നല്‍കിയിരിക്കുന്നത്. ഒന്നാമത്തെ സിഡിയില്‍ സലിം രാജുമായുള്ള മൊബൈല്‍ ഫോണ്‍ സംഭാഷണവും രണ്ടാമത്തെ സിഡിയില്‍ ബെന്നി ബഹന്നാനുമായി 2014 മുതലുള്ള ടെലിഫോണ്‍ സംഭാഷണവും മൂന്നാമത്തെ സിഡിയില്‍ വ്യവസായി എബ്രഹാം
കലമണ്ണിലുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും സിഡിയിലുമുണ്ട്. കൂടാതെ തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണവും ഒരു സിഡിയിലുണ്ട്. തെളിവെടുപ്പ് തുടരുകയാണ്.
കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തരുതെന്നാണ് എബ്രഹാം കലമണ്ണില്‍ സരിതയോട് പറയുന്നത്. ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും സിഡിയില്‍ ഉണ്ട്. എബ്രഹാം കലമണ്ണിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും സരിത തെളിവുകളില്‍ വ്യക്തമാക്കുന്നുണ്ട്. മൊഴി ശരിവെക്കുന്ന ഓഡിയോ സിഡി വൈകുന്നെരം പുറത്തുവിടാമെന്ന് സരിത കമ്മീഷനില്‍ വ്യക്തമാക്കി. സിഡി കമ്മീഷന് തെളിവായി സ്വീകരിക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഏബ്രഹാം കലമണ്ണിൽ സമീപിച്ചതെന്നു സരിത ആവശ്യപ്പെട്ടു. ഇതിന്റെ ശബ്ദരേഖയും ഹാജരാക്കും. ടീം സോളർ ഇടപാടുകാരൻ ആയിരുന്ന ഇകെ ബാബുരാജന്റെ ഭൂമി റീസർവേ ചെയ്തുകൊടുക്കാൻ താൻ നൽകിയ അപേക്ഷയിൽ മുഖ്യമന്ത്രി ആലപ്പുഴ ജില്ലാകലക്ടർക്കു ശുപാർശ ചെയ്തതിന്റെ രേഖ, തന്റെ റഫ് ഡയറിയിൽ തോമസ് കുരുവിള ഡൽഹിയിൽ വച്ച് സ്വന്തം അഡ്രസ്സ് എഴുതി നൽകിയതിന്റെ രേഖ എന്നിവയും സരിത ഹാജരാക്കി. മുഖ്യമന്ത്രിയെ നേരിട്ട് നന്നായി പരിചയമുണ്ടെന്നു തെളിയിക്കുന്നവയാണ് താൻ ഹാജരാക്കിയ രേഖകളിൽ എൺപതുശതമാനവുമെന്നു സരിത അവകാശപ്പെട്ടു.
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം സിജെഎം കോടതിയിൽ താൻ പീഡിപ്പിക്കപ്പെട്ടതായി നേരത്തെ മൊഴി നൽകിയിരുന്നു. സിജെഎം എൻവി രാജുവിനെ വിസ്തരിച്ചപ്പോൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സരിത അവസാനമായി പറഞ്ഞതെന്ന് മൊഴി നല്‍കിയതായി കമ്മിഷൻ പറഞ്ഞു. സിജെഎമ്മിന്റെ മൊഴി ശരിയാണെന്ന് സരിത സമ്മതിച്ചു. ശാരീരികമായും മാനസികമായും തന്നെ പല രാഷ്ട്രീയക്കാരും തന്നെ ഉപയോഗിച്ചു. ജയിലില്‍ വെച്ച് എഴുതിയ കത്തില്‍ പല ഉന്നതരുടെയും പേര് ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ ജോസ് കെ മാണി ഇല്ലെന്നും സരിത വ്യക്തമാക്കി.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വെച്ച് കണ്ണൂര്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടി മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു. സോളാര്‍ കേസിന്റെ ഗതി തിരിച്ചു വിടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള ആരോപണം. അബ്ദുള്ളക്കുട്ടിക്കെതിരെ മാനഭംഗപ്പെടുത്തിയെന്ന ആരോപണം ഉന്നയിക്കാന്‍ തമ്പാനൂര്‍ രവി ആവശ്യപ്പെടുകയായിരുന്നു. കെബി ഗണേഷ് കുമാറിന്റെ പിഎയുടെ ഫോണില്‍ വിളിച്ചായിരുന്നു ഈ ആവശ്യം ഉന്നയിച്ചതെന്നും സരിത വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഈ നിര്‍ദേശമെന്നും പരാതി കൊടുത്താല്‍ മാത്രം മതിയെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കോളാമെന്നും തമ്പാനൂര്‍ രവി ഉറപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. എന്നാല്‍, കേസ് കോണ്‍ഗ്രസിനെ ബാധിച്ചതോടെ പരാതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ബെന്നി ബഹന്നാന് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് സരിത ഇന്ന് വ്യക്തമാക്കിയത്.