വിരിയാനൊരുങ്ങി താമര; പ്രതീക്ഷകളുടെ കൊടുമുടിയില്‍ ഇടതും വലതും- ചരിത്രത്തിലേക്കൊരു തെരഞ്ഞെടുപ്പ്

അഞ്ചുവര്‍ഷത്തെ ഭരണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ആവോളം പേരുദോഷങ്ങള്‍ സമ്മാനിച്ചു

jibin| Last Updated: ശനി, 14 മെയ് 2016 (16:12 IST)
മുന്‍ കാലത്തേക്കാള്‍ ഏറെ സവിശേഷതകളും ആകുലതകളും സമ്മാനിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മാറി മാറി കേരളത്തില്‍ ഭരണം കയ്യാളിയിരുന്ന ഇടതു വലതു മുന്നണികള്‍ക്ക് വെല്ലുവിളിയായി ബിജെപി സംസ്ഥാനത്ത് ചുവടുറപ്പിച്ചതാണ് ഈ പ്രാവശ്യത്തെ സവിശേഷത.

രണ്ടുമാ‍സത്തെ നീണ്ട പ്രചാരണത്തിനൊടുവിലാണ് ഇത്തവണ മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആരോപണങ്ങളും പ്രതിച്ഛായ നഷ്‌ടപ്പെടലും പാളയത്തിലെ പിണക്കങ്ങളും ഇറങ്ങിപ്പോക്കും അഭിമുഖികരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ലക്ഷ്യം വെക്കുമ്പോള്‍ 2011ല്‍ വഴുതിപ്പോയ ജയം ഇത്തവണ ഉറപ്പിച്ച് ഭരണം തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. അതേസമയം, എങ്ങനെയെങ്കിലും അക്കൌണ്ട് തുറക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമെ ബിജെപിക്കുള്ളൂ.

അഞ്ചുവര്‍ഷത്തെ ഭരണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ആവോളം പേരുദോഷങ്ങള്‍ സമ്മാനിച്ചു. എന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെയും ജനകീയമായ ഇടപെടലുകളും വോട്ടായി മാറുമെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസ്, ബാര്‍ കോഴക്കേസ്, പാഠപുസ്‌ക അഴിമതി, കണ്‍‌സ്യൂമര്‍ ഫെഡ് അഴിമതി, മെത്രാന്‍ കായല്‍, സന്തോഷ് മാധവന് ഭൂമി എന്നീ നിരവധി ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാര്‍ ഇത്തവണ തീയില്‍ ചവിട്ടിയ അവസ്ഥയിലാണ്.

ആരോപണങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് ആസന്നമായതോടെ പതിവിന് വിപരീമായി ഇത്തവണ നേതാക്കള്‍ ഫേസ്‌ബുക്കിലും ആരോപണങ്ങളും പ്രത്യാക്രമണങ്ങളും നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമര്‍ശവും ലിബിയയില്‍ നിന്ന് മലയാളികളെ തിരികെ എത്തിക്കുന്നതില്‍ വന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്‌ചവരെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ചര്‍ച്ചയായതോടെ സാഹചര്യങ്ങള്‍ കൊഴുത്തു.

പ്രതീക്ഷകളുടെ കൊടുമുടിയില്‍ യുഡിഎഫ്:-


ഭരണവിരുദ്ധ വികാരമില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടിയും സംഘവും ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ആരോപണങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്നും വികസനപ്രവര്‍ത്തനങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്നും ഉറച്ചു വിശ്വസിക്കുന്നുണ്ട് യുഡിഎഫ്. അതേസമയം, മുന്‍‌കാലങ്ങളില്‍ പതിവായി കിട്ടിയിരുന്ന നായര്‍ സമുദായത്തിന്റെ വോട്ടുകള്‍ ഇത്തവണ ബിജെപിക്ക് പോകുന്നുവെന്ന ഭയവും അവര്‍ക്കുണ്ട്. അടിയൊഴുക്കകള്‍ ഉണ്ടാകില്ലെന്ന് ഉറച്ചുവിശ്വസിക്കുമ്പോഴും ആടിയുലയുന്ന പല മണ്ഡലങ്ങളും നിരാശ പകര്‍ന്നേക്കും. മുപ്പത് ഇടങ്ങളില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, കെഎം മാണി എന്നീ യുഡിഎഫിലെ അതികായന്‍‌മാര്‍ ജയിച്ചു കയറുമെന്ന് ഉറപ്പുണ്ടെങ്കിലും കെ മുരളീധരന്‍, അടൂര്‍പ്രകാശ്, കെസി ജോസഫ് എന്നിവരുടെ ജയസാധ്യത കണ്ടറിയേണ്ടതാണ്.


തിരുച്ചുവരാനൊരുങ്ങി എല്‍ഡിഎഫ്:-


ഭരണം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിച്ചാണ് എല്‍ഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പില്‍ കച്ചക്കെട്ടുന്നത്. ഭരണവിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും നേരിയ മാര്‍ജിനില്‍ പിടിച്ചു കയറാമെന്നും അധികാരത്തില്‍ എത്താമെന്നുമാണ് എല്‍ഡിഎഫ് പ്രതീക്ഷ. മധ്യകേരളത്തില്‍ എല്‍ഡിഫിന് മുന്‍‌തൂക്കമുണ്ടെങ്കിലും ബിഡിജെഎസിന്റെ വരവും ബിജെപിയുടെ മുന്നേറ്റവും തിരിച്ചടി സമ്മാനിക്കുമോ എന്ന ഭയം ഇടതിനെ വേട്ടയാടുന്നുണ്ട്. യുഡിഎഫില്‍ നിന്ന് ഘടകകഷികള്‍ അടര്‍ന്ന് ഇടതു ചേരിയില്‍ എത്തിയത് വലിയ ആശ്വാസമുണ്ടാക്കുന്നുണ്ടെങ്കിലും വോട്ട് എത്രത്തോളം വീഴുമെന്ന ആശങ്ക ബാക്കിയാണ്. ഈ സാഹചര്യത്തില്‍ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് എല്‍ഡിഎഫ് കാഴ്‌ചവെക്കുന്നത്.

വിരിയാനൊരുങ്ങി താമര:-

ബിജെപിയുടെ ശക്തമായ സാന്നിധ്യമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. 2011ല്‍ ലഭിച്ച വോട്ടുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലോക്‍സഭ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പ് പോരാട്ടത്തിലും പെട്ടിയിലാക്കാന്‍ കഴിഞ്ഞതാണ് ബിജെപിയുടെ കൂടുതല്‍ ആഗ്രഹങ്ങള്‍ക്ക് നിറം ചാലിക്കുന്നത്. എസ്എന്‍ഡിപി ബിഡിജെസ് എന്ന പാര്‍ട്ടിയുണ്ടാക്കി ബിജെപിയുടെ പ്രധാനഘടകകഷിയായതോടെ വര്‍ദ്ധിത വീര്യത്തോടെ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കാന്‍ ബിജെപിക്കായി. ഇതോടെ പതിവായി ഇടതിലേക്ക് പോകുന്ന ഈഴവ വോട്ടുകള്‍ പിടിച്ചെടുക്കാനും അവര്‍ക്കായി. ചിട്ടയായ പ്രവര്‍ത്തനത്തിനൊപ്പം ഇടതു- വലതു മുന്നണികളുടെ സമീനത്തെ വെറുക്കുന്ന യുവാക്കളുടെ വലിയ നിര തന്നെ ബിജെപിക്കൊപ്പം അണിചേര്‍ന്നതോടെ സംസ്ഥാനത്ത് അക്കൌണ്ട് തുറക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.




ഈ കാരണങ്ങളാല്‍ ആണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ബലാബലമായി തീര്‍ന്നത്. നേരിയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പതിവായി തുടരുന്ന ഭരണവിരുദ്ധ വികാരം ഇത്തവണ യുഡിഎഫിനെ ബാധിക്കും. അതേസമയം തന്നെ സംസ്ഥാനത്ത് ബിജെപിക്ക് ഒരു എംഎല്‍എ ഉണ്ടാകുമെന്നും പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്‌ച നടക്കാന്‍ പോകുന്ന വോട്ടെടുപ്പ്
സംസ്ഥനത്തിന്റെ ചരിത്രത്തില്‍ ഇടം പിടിക്കുന്നതായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :