പിണറായിയുടെ നാവ് പിഴയ്‌ക്കുമ്പോള്‍; വിഎസിനെ വേട്ടയാടുമ്പോള്‍ തോല്‍ക്കുന്നതാര് ?

പിണറായിയുടെ പ്രസ്‌താവന ഇടതുപാളയത്തില്‍ ഒരു സ്‌ഫോടനം പോലെയാണ് അനുഭവപ്പെട്ടത്

പിണറായി വിജയന്‍ , സി പി എം , പോളിറ്റ് ബ്യൂറോ , എല്‍ ‌ഡി എഫ് , വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം| ജിയാന്‍ ഗോണ്‍‌സാലോസ്| Last Updated: വെള്ളി, 22 ഏപ്രില്‍ 2016 (12:49 IST)
‘ഈ സമയത്ത് ഒരിക്കലും പാടില്ലായിരുന്നു ആ പ്രസ്‌താവന’, ഇടത് കേന്ദ്രങ്ങളില്‍ നിന്ന് കേള്‍ക്കുന്ന ആശങ്കയില്‍ മുങ്ങിനില്‍ക്കുന്ന വാക്കുകളാണിത്. എല്‍ ‌ഡി എഫ് വരും എല്ലാം ശരിയാകുമെന്ന പ്രചാരണത്തില്‍ അണികള്‍ ആവേശക്കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു പാര്‍ട്ടിയിലെ ഉരുക്കുമനുഷ്യനായ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നാവ് പിഴച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ അപ്രതീക്ഷിതമായി സ്വന്തം പാളയത്തില്‍ ബോംബ്‌ പൊട്ടിയതിന്റെ ഞെട്ടലില്‍ നിന്ന് ഇടതുപക്ഷം ഇതുവരെ മുക്തമായിട്ടില്ല.

തിരിച്ചടികളും വിവാദങ്ങളും രൂക്ഷമായ കോണ്‍ഗ്രസ് പാളയത്തിന് ലഭിച്ച ആഹ്ലാദനിമിഷമായിരുന്നു വിഎസ് അച്യുതാനന്ദനെക്കുറിച്ച് പിണറായി നടത്തിയ പ്രസ്‌താവന. വി എസ് പാര്‍ട്ടി വിരുദ്ധനാണെന്നും പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നുമുള്ള പിണറായിയുടെ പ്രസ്‌താവന ഇടതുപാളയത്തില്‍ ഒരു സ്‌ഫോടനം പോലെയാണ് അനുഭവപ്പെട്ടത്. പറഞ്ഞ വാക്ക് പിന്നീട് തിരിച്ചു മറിച്ചും പിണറായി പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. അനുകൂല നിമിഷം കാത്തിരുന്ന യു ഡി എഫ് ക്യാമ്പ് ഈ സാഹചര്യം മുതലാക്കുകയും ചെയ്‌തു. വിഭാഗീയതയെന്ന ഭൂതം പാര്‍ട്ടിയില്‍ ഇല്ലെന്ന് തെളിയിക്കേണ്ട ഈ സാഹചര്യം നിലനില്‍ക്കെ മുഖ്യമന്ത്രി പദത്തില്‍ എത്തിയേക്കാവുന്ന നേതാവിന് നാവ് പിഴച്ചത് വന്‍ തിരിച്ചടിയാണെന്നതില്‍ ആര്‍ക്കും സംശയമില്ല.

പിണറായി കുറച്ചുകൂടി പക്വതയോടെ പ്രതികരിക്കേണ്ടതായിരുന്നെന്ന നിലപാട്‌ ഒരു വിഭാഗം സി പി എം നേതാക്കള്‍ക്കുമുണ്ട്‌. അഭിപ്രായപ്രകടനത്തിനു പറ്റിയ സന്ദര്‍ഭം ഇതല്ലായിരുന്നെന്നാണു മറ്റൊരു പോളിറ്റ്‌ ബ്യൂറോ അംഗമായ എംഎ ബേബി വ്യക്തമാക്കുകയും ചെയ്‌തു. ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് കൊല്ലത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ കെ പ്രേമചന്ദ്രനെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗത്തിന്റെ അലയൊലികള്‍ ഇന്നും നിലനില്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ മുഖം തന്നെയായ വി എസിനെതിരെയുള്ള പ്രസ്താവനയും.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായിയും വി എസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണച്ചുമതല ഏറ്റെടുത്തത്‌ അണികളില്‍ ആവേശം നിറച്ചിരുന്നു. എന്നാല്‍
ഇന്ന് സാഹചര്യം മാറിമറിഞ്ഞിരിക്കുന്നു. പിണറായിയുടെ പ്രസ്‌താവന വലതുപക്ഷ മാധ്യമങ്ങള്‍ ആഘോഷിച്ചതോടെ അണികളിലും ആശയക്കുഴപ്പം രൂക്ഷമായി. ധര്‍മ്മടത്ത് പിണറായിക്കായി വോട്ട് ചോദിക്കാനെത്തിയ വിഎസ് വിവാദത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. പിണറായിക്കായി വോട്ട് ചോദിക്കുകയും വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ വരാന്‍ പോകുന്ന കൊടുങ്കാറ്റിന്റെ തുടക്കം മാത്രമാണ് ഇതെന്നാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്തുവരുന്ന സൂചനകള്‍.

തെരഞ്ഞെടുപ്പ് അടുത്തതോടെയും സ്വന്തം ശക്തിയില്‍ പഴയ വീര്യം തോന്നാത്തതിനെയും തുടര്‍ന്ന് വാക്പോരും പഴിചാരലും അവസാനിപ്പിച്ച് നല്ല് കുട്ടിയായി വിഎസ് മാറിയപ്പോള്‍ വിഭാഗീയത അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ വിചാരിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ വേളയില്‍ ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു വിഎസ്‌ സ്വീകരിച്ച നിലപാട്‌ പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് ലാവ്‌ലിന്‍ കേസ്‌ തെരഞ്ഞെടുപ്പ്‌ അജന്‍ഡയായി ഉയര്‍ത്താന്‍ ഭരണപക്ഷം തീരുമാനിച്ചപ്പോള്‍ വിഎസ്‌ മൗനം പാലിച്ച്‌ അച്ചടക്കമുള്ള കമ്മ്യൂണിസ്‌റ്റായി.

ആരോപണങ്ങളുടെ നിലയില്ലാക്കയത്തില്‍ മുങ്ങി തെരഞ്ഞെടുപ്പിനെ നേരിടുന്ന യു ഡി എഫിന്‌ വീണുകിട്ടിയ കച്ചിത്തുരുമ്പായി പിണറായിയുടെ വിവാദപ്രതികരണം. മെത്രാന്‍ കായല്‍ വിഷയം, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ സങ്കീര്‍ണ്ണത, പുതിയ ബാറുകള്‍ക്ക് അനുമതി, സുധീരന്‍ - ഉമ്മന്‍ചാണ്ടി പോര് എന്നീ വിഷയങ്ങളില്‍ നിറം മങ്ങിയ യു ഡി എഫിന് പിണറായിയുടെ പരാമര്‍ശം ആയുധമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിര്‍ണായക വേളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി പിണറായിയെയും വി എസിനെയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇടതുപക്ഷത്തിനെതിരെ വാളോങ്ങാന്‍ കാത്തിരിക്കുന്ന ബിജെപിക്കും ഇത് ഒരു ആയുധമാണ്.

പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ പോര് തുടര്‍ന്നാല്‍ തോല്‍‌വി ഉറപ്പാണ്. എങ്ങോട്ടും വീഴാമെന്ന നിലയിലിരിക്കുന്ന തേങ്ങാ പോലെയാണ് എല്‍ഡിഎഫിന്റെ നിലവിലെ അവസ്ഥ. ഈ സാഹചര്യത്തില്‍ പരസ്‌പരമുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് വിപ്ലവപാര്‍ട്ടി ചെയ്യേണ്ടത്. ഒരു നിമിഷം പകച്ചു നിന്നാല്‍ തുടര്‍ഭരണമെന്ന സ്വപ്‌നം യുഡിഎഫ് സ്വന്തമാക്കുകയും ചെയ്യും.

വിഎസിനെ അപഹസിക്കുന്നതിലും ഊരുവിലക്കുന്നതിലും ശ്രദ്ധപതിപ്പിച്ചിരുന്ന കണ്ണൂര്‍ ലോബി വിഎസിനെ വേട്ടയാടുന്നത് തുടരുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. അധികാരത്തിലെത്താന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വിഎസിനെ അകറ്റി നിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. മുഖ്യമന്ത്രി ആരാകുമെന്നു സി പി എം സംസ്‌ഥാന, കേന്ദ്രനേതൃത്വങ്ങള്‍ വ്യക്‌തമാക്കിയിട്ടില്ലെങ്കിലും ആ സ്‌ഥാനത്തു പിണറായിയെ അംഗീകരിച്ച മട്ടിലാണു പാര്‍ട്ടി നേതൃത്വത്തിന്റെ രാഷ്‌ട്രീയനീക്കങ്ങള്‍. അതിന് മുന്നോടിയായിട്ടുള്ള ഒരു അടിയായിരുന്നു വിഎസിനെതിരെ പിണറായി നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :